കൊവിഡ് മരണങ്ങള്‍ മൂടിവച്ചെന്ന ആരോപണം ശരിവച്ച് കണക്കുകള്‍ ; 2021ല്‍ അധികമായി മരിച്ചത് 21 ലക്ഷം പേര്‍
ന്യൂഡല്‍ഹി: രാജ്യത്ത് 2021ല്‍ ഒരു കോടിയില്‍ അധികം പേര്‍ വിവിധകാരണങ്ങളാല്‍ മരിച്ചെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ റിപോര്‍ട്ട്. ഇത്, കൊവിഡ് തുടങ്ങിയ 2020നേക്കാള്‍ 21 ലക്ഷം അധികമാണെന്ന് റിപോര്‍ട്ടിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് ലോക്ക്ഡൗണുണ്ടായ 2020, 2021 കാലത്ത് 5,74,198 പേര്‍ കൊവിഡ് മൂലം മരിച്ചുവെന്നാണ് ഈ റിപോര്‍ട്ടിലുള്ളത്.
കൊവിഡ് തുടങ്ങുന്നതിന് മുമ്പുള്ള വര്‍ഷമായി 2019ല്‍ 75.9 ലക്ഷം പേരാണ് രാജ്യത്ത് മരിച്ചത്. കൊവിഡ് തുടങ്ങിയ 2020ല്‍ 81.2 ലക്ഷം പേര്‍ മരിച്ചു. 2021ല്‍ 102.2 ലക്ഷം പേര്‍ മരിച്ചു. അതായത് 2021ല്‍ 26 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. കൊവിഡ്-19 മൂലം 2020ല്‍ 1,60,618 പേരും 2021ല്‍ 4,13,580 പേരും മരിച്ചുവെന്നാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പറയുന്നത്.
കൊവിഡ് ബാധ ഇല്ലാത്ത 2019മായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡുള്ള 2021ല്‍ 25.8 ലക്ഷം പേര്‍ അധികമായി മരിച്ചു. ഈ മരണങ്ങള്‍ കൊവിഡ് മൂലമുള്ള മരണങ്ങളുടെ ആറിരട്ടിയോളം വരും. ഗുജറാത്തില്‍ 2021ല്‍ കൊവിഡ് മൂലം 5,800 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും അധിക മരണം രണ്ട് ലക്ഷത്തോളം വരും. മധ്യപ്രദേശില്‍ മരണം കൊവിഡിനേക്കാള്‍ 18 മടങ്ങും പശ്ചിമബംഗാളില്‍ 15 മടങ്ങും ബിഹാര്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ പത്ത് മടങ്ങും അധികമാണ്. കേരളത്തില്‍ ഒന്നര മടങ്ങ് അധികവും. കേരളത്തില്‍ കൊവിഡ് മൂലം 44,721 പേര്‍ മരിച്ചെന്ന് രേഖപ്പെടുത്തിയപ്പോള്‍ സാധാരണയേക്കാള്‍ 1.5 മടങ്ങ് പേര്‍ അധികം മരിച്ചു. കേരളം, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് മരണസംഖ്യയിലെ ഈ വിടവ് കുറവ്. അതായത്, കൊവിഡ് മരണവും മൊത്തം മരണത്തിലെ വ്യത്യാസവും തമ്മിലുള്ള വിടവ് കുറവ്.
സിവില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് രേഖപ്പെടുത്തിയ 2021ലെ ഈ അധിക മരണങ്ങള്‍ കൊവിഡ് മൂലം അധികമായി ഉണ്ടായിരിക്കാമെന്ന് ലോകാരോഗ്യ സംഘടന കണക്കുകൂട്ടിയ മരണക്കണക്കുകളുടെ അടുത്തുനില്‍ക്കുന്നു. കൊവിഡ് മൂലം ഇന്ത്യയില്‍ അധികമായി 26.6 - 54.8 ലക്ഷം പേര്‍ മരിച്ചിട്ടുണ്ടാവാമെന്നായിരുന്നു ലോകാരോഗ്യസംഘടനയുടെ അനുമാനം. പക്ഷേ, ഇത്തരം കണക്കുകള്‍ ശരിയല്ലെന്നാണ് സര്‍ക്കാര്‍ അന്ന് ശക്തമായി വാദിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജോണ്‍ബ്രിട്ടാസ് എംപി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
അതിര്‍ത്തിയിലെ സംഘര്‍ഷ വാര്‍ത്തകള്‍ക്കിടയില്‍ മുങ്ങിപോകാന്‍ ഇടയുള്ള വിലപ്പെട്ട വിവരം പങ്കുവയ്ക്കാനാണ് ഈ കുറിപ്പ്.
വൈകിയാണെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു കാര്യം സമ്മതിച്ചു. 2021ല്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 20 ലക്ഷം പേര്‍ കൊവിഡ് മൂലം ഇന്ത്യയില്‍ യഥാര്‍ത്ഥത്തില്‍ മരണപ്പെട്ടിരുന്നു. സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളിലൂടെ ഉള്‍പ്പെടെ ലഭിച്ച വിവരങ്ങള്‍ അപഗ്രഥിച്ചുള്ള കണക്കുകളാണ് പുറത്തുവന്നത്.
ഇതില്‍ ഭയാനകമായ രീതിയില്‍ മരണം കുറച്ചു കാണിച്ച സംസ്ഥാനങ്ങളുടെ പട്ടികയും പുറത്തുവന്നിട്ടുണ്ട്. ഗുജറാത്താണ് ഏറ്റവും കൂടുതല്‍ മരണം ഒളിപ്പിച്ചുവെക്കാന്‍ ശ്രമിച്ചത്. 2021ല്‍ 5809 മരണമാണ് ഗുജറാത്ത് രേഖപ്പെടുത്തിയത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാകട്ടെ 1.95 ലക്ഷം (1,95,406) മരണവും. മധ്യപ്രദേശും ബീഹാറും ബംഗാളും രാജസ്ഥാനുമൊക്കെ ഈ രൂപത്തില്‍ മരണ നിരക്ക് കുറച്ചു കാണിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തി.
ഈ കാര്യത്തില്‍ താരതമ്യേന സുതാര്യത കാണിച്ച പട്ടികയില്‍ കേരളം പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നു. ആ കാലഘട്ടത്തില്‍ ദേശീയ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ കൊവിഡ് കുതിച്ചുയരുന്നതെന്ന ചോദ്യം തുടര്‍ച്ചയായി ഉയര്‍ന്നിരുന്നു. 'ഞങ്ങളുടെ സംസ്ഥാനത്തെ പരിശോധനയും ചികില്‍സയും അത് സംബന്ധിച്ചുള്ള കണക്കുകളുമൊക്കെ കുറ്റമറ്റതാണ്. മറ്റുള്ളവര്‍ അങ്ങനെ ചെയ്യാതിരിക്കുന്നതില്‍ കേരളത്തെ എന്തിനു പഴിക്കുന്നു' എന്ന് മറുപടി നല്‍കിയത് ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.
കൊവിഡ് കാലത്ത് ഗംഗാനദിയില്‍ ഒഴുക്കിയ മൃതദേഹങ്ങളുടെ കണക്കുകള്‍ പോലും അന്ന് രേഖപ്പെടുത്തിയിരുന്നില്ല എന്ന വസ്തുതയാണ് പുതിയ വെളിപ്പെടുത്തലുകള്‍ അടിവരയിടുന്നത്..''

