ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഇഡി കേസില്‍ കോഴിക്കോട് വടകര സ്വദേശി കെ ഫിറോസിന് ജാമ്യം. രണ്ടു ലക്ഷം രൂപയുടെ ബോണ്ട്, തത്തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യം, ജാമ്യം നില്‍ക്കുന്നവര്‍ കുടുംബാംഗങ്ങളോ ബന്ധുക്കളോ ആയിരിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകളെന്ന് പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ചന്ദെര്‍ ജിത് സിംഗിന്റെ ഉത്തരവ് പറയുന്നു.
2024 മാര്‍ച്ച് 18നാണ് കേസില്‍ തന്നെ അറസ്റ്റ് ചെയ്തതെന്നും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി തനിക്ക് യാതൊരുബന്ധമില്ലെന്നും കെ ഫിറോസ് വാദിച്ചു. ഒരു ബാങ്ക് ഇടപാടിന്റെ തെളിവ് പോലും ഹാജരാക്കാന്‍ ഇഡിക്കായിട്ടില്ല. പിഎഫ്‌ഐയില്‍ നിന്നോ മറ്റാരിലെങ്കിലും നിന്നോ പണം വാങ്ങിയെന്നോ പോലും രേഖകളുടെ അടിസ്ഥാനത്തില്‍ വാദിക്കാന്‍ ഇഡിക്ക് കഴിയുന്നില്ല. പിഎഫ്‌ഐയുടെ പണം കൊണ്ട് റെയില്‍വേ ടിക്കറ്റ് എടുത്ത് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു എന്നാണ് പറയുന്നത്. താന്‍ പിഎഫ്‌ഐ നേതാവാണെന്നോ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കുന്ന ആളാണെന്നോ ആരോപണമില്ല. താന്‍ മൂലം എന്തെങ്കിലും അക്രമങ്ങളോ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോ നടന്നതായും ആരോപണമില്ലെന്നും കെ ഫിറോസ് വാദിച്ചു.
എന്നാല്‍, ജാമ്യാപേക്ഷയെ ഇഡി ശക്തമായി എതിര്‍ത്തു. പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ആയുധപരിശീലനം നല്‍കാന്‍ ശ്രമിച്ചതിന് കെ ഫിറോസിനെയും അന്‍ഷാദ് ബദറുദ്ദീനെയും യുപി പോലിസിന്റെ ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തതാണ് കേസിന്റെ തുടക്കമെന്നും ഇഡി വാദിച്ചു. യുഎപിഎ, സ്‌ഫോടകവസ്തു നിയമം എന്നിവ പ്രകാരമാണ് കേസ്. ശാരീരിക പരിശീലനത്തിന്റെ മറവില്‍ ആയുധപരിശീലനം നടത്താന്‍ പിഎഫ്‌ഐ ആസ്ഥാനത്ത് നിന്നാണ് ഇവരെ വിട്ടിരുന്നതെന്നും ഇഡി വാദിച്ചു. സ്വന്തം പേരില്‍ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പണം എവിടെ നിന്ന് കിട്ടിയെന്ന് ആരോപണവിധേയന്‍ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണവുമായി ഒരിക്കലും ഇയാള്‍ സഹകരിച്ചില്ല. പിഎഫ്‌ഐ ആയുധപരിശീലനം നടത്തിയിരുന്ന ഷെഡ്ഡുകളുടെ വിവരങ്ങളും കൈമാറിയില്ല. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാനും ശ്രമിച്ചു. അറസ്റ്റിന്റെ കാരണങ്ങള്‍ കാണിക്കുന്ന മെമ്മോയില്‍ ഒപ്പിടാന്‍ പോലും തയ്യാറായില്ല. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ പിഎഫ്‌ഐ സ്വരൂപിച്ച പണം കൊണ്ടാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഇഡി വാദിച്ചു.
എന്നാല്‍, ഇഡിയുടെ വാദങ്ങള്‍ കോടതി തള്ളി. ഫിറോസ് പണം പിരിച്ചതിനോ പിഎഫ്‌ഐയില്‍ നിന്നും പണം സ്വീകരിച്ചതിനോ യാതൊരു തെളിവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം ഒളിപ്പിക്കുകയോ സ്വന്തമാക്കുയോ ഉപയോഗിക്കുകയോ ചെയ്തതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടു പോവരുത്, തെളിവുകള്‍ നശിപ്പിക്കരുത്, സാക്ഷികളുമായി ബന്ധപ്പെടരുത്, മേല്‍വിലാസം മാറുമ്പോള്‍ കോടതിയെ അറിയിക്കണം, വിചാരണ ദിവസങ്ങളില്‍ കോടതിയില്‍ ഹാജരാവണം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാവണം തുടങ്ങിയവയാണ് മറ്റു ജാമ്യ വ്യവസ്ഥകള്‍.

