49 ഇന്ത്യക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വിദേശ ജയിലുകളിലുണ്ടെന്ന് റിപോര്‍ട്ട്
ന്യൂഡല്‍ഹി: 49 ഇന്ത്യന്‍ പൗരന്‍മാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വിദേശത്തെ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് റിപോര്‍ട്ട്. എട്ടുരാജ്യങ്ങളിലെ ജയിലുകളിലാണ് ഇവരുള്ളത്. ഇന്ത്യക്കാര്‍ ജോലിക്കായി ആശ്രയിക്കുന്ന യുഎഇയിലാണ് ഏറ്റവുമധികം പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത്.
യുഎഇ-25
സൗദ് അറേബ്യ-11
മലേഷ്യ-6
കുവൈത്ത്-3
ഖത്തര്‍-1
ഇന്തോനേഷ്യ-1
യുഎസ്എ-1
യെമന്‍-1
2020 മുതല്‍ 2024 വരെ വിദേശരാജ്യങ്ങളില്‍ 47 ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കി. കുവൈത്താണ് ഏറ്റവുമധികം വധശിക്ഷ നടപ്പാക്കിയത്. 25 ഇന്ത്യക്കാരാണ് ഇക്കാലയളവില്‍ കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. സൗദി അറേബ്യയില്‍ ഒമ്പതു ഇന്ത്യക്കാരെ ശിക്ഷിച്ചു. സിംബാവെയില്‍ ഏഴു പേരെയും മലേഷ്യയില്‍ അഞ്ചു പേരെയും ജമെയ്ക്കയില്‍ ഒരാളെയും ശിക്ഷിച്ചു.
2025 ഫെബ്രുവരിയില്‍ യുഎഇ മൂന്ന് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കി. താന്‍ പരിചരിച്ചിരുന്ന ഒരു കുട്ടിയുടെ മരണത്തിന് യുപി സ്വദേശിനിയായ ഷഹ്‌സാദി ഖാനെയാണ് ആദ്യം ശിക്ഷിച്ചത്. എമിറാത്തിയായ ഒരാളെ കൊലപ്പെടുത്തിയ മുഹമ്മദ് റിനാഷിനെയും ഇന്ത്യക്കാരനായ ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുരളീധരന്‍ എന്നയാളെയുമാണ് ശിക്ഷിച്ചത്. ഇരുവരും മലയാളികളാണ്.
86 ലോകരാജ്യങ്ങളിലായി ഏകദേശം 10,152 ഇന്ത്യക്കാര്‍ തടവിലുണ്ടെന്നാണ് കണക്ക്. അതില്‍ ഭൂരിഭാഗവും വിചാരണത്തടവുകാരാണ്. സൗദിയില്‍ 2,633 പേരും യുഎഇയില്‍ 2,518 പേരുമാണ് തടവിലുള്ളത്.
