തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിക്കും

Update: 2025-12-13 01:18 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. ആദ്യഫലം രാവിലെ 8.30നും പൂര്‍ണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആദ്യം തപാല്‍ വോട്ട് എണ്ണും. തുടര്‍ന്ന് വോട്ടിങ് മെഷീനുകള്‍ തുറക്കും. ആദ്യ മൂന്നു മണിക്കൂറിനുള്ളില്‍ ഗ്രാമപഞ്ചായത്തുകളുടെ ഫലം പൂര്‍ണമാകും. ഉച്ചയോടെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം അറിയാം.

ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് കേന്ദ്രത്തിലായിരിക്കും. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെ വോട്ടെണ്ണും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലായിരിക്കും.

വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമാണ് വോട്ടിങ് യന്ത്രം എണ്ണല്‍ മേശയില്‍ വയ്ക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും വോട്ടിങ് യന്ത്രങ്ങള്‍ ഒരു മേശയില്‍ത്തന്നെ എണ്ണും. വോട്ടിങ് യന്ത്രത്തില്‍നിന്ന് ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ വോട്ടുനില ലഭിക്കും. തുടര്‍ന്ന്, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ വോട്ടുവിവരം കിട്ടും.

ഫലം അപ്പോള്‍ത്തന്നെ കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും. ഒരു വാര്‍ഡിലെ തപാല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അതത് വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ?കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് കമീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം.

ഡിസംബര്‍ ഒമ്പതിനും 11നുമായി രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 20ന് നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കും. 21ന് പുതിയ അംഗങ്ങള്‍ അധികാരമേല്‍ക്കും.