ഗ്രാന്‍ഡ് ഇജിപ്ഷ്യന്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തു

Update: 2025-11-01 12:48 GMT

കെയ്‌റോ: ഈജിപ്തിലെ പ്രശസ്തമായ ഗിസ പിരമിഡിന് സമീപം ഗ്രാന്‍ഡ് ഇജിപ്ഷ്യന്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തു. പൗരാണിക ഈജിപ്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീഴ്ത്തുന്ന അരലക്ഷത്തോളം വസ്തുക്കളാണ് പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. ഗിസ പിരമിഡിന് സമീപമുള്ള മ്യൂസിയത്തില്‍ നിന്ന് മൂന്നു പിരമിഡുകള്‍ കാണാനാവും. ഫറവോയുടെ പ്രതീകങ്ങളെ ഉള്‍പ്പെടുത്തി ഐറിഷ് കമ്പനിയാണ് മ്യൂസിയം നിര്‍മിച്ചത്.

ബിസി 1332-1323 കാലത്തെ ഭരണാധികാരിയായ തൂത്തന്‍ഖാമന്റെ നിധികളുടെ പൂര്‍ണശേഖരം ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 1922ല്‍ തൂത്തന്‍ഖാമന്റെ ശവക്കല്ലറ കണ്ടെത്തിയപ്പോള്‍ ലഭിച്ച 5000 വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നു. ടുട് രാജാവിന്റെ വീടാണ് ഇതെന്ന് ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്നു.






 തഹരീറിലെ ഇജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നേരത്തെ തൂത്തന്‍ഖാമന്റെ സ്വര്‍ണ മാസ്‌ക്കും മറ്റും മാത്രമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ബാക്കിയെല്ലാം ലോക്കറില്‍ പൂട്ടിയിരിക്കുകയായിരുന്നു. പക്ഷേ, പുതിയ മ്യൂസിയത്തില്‍ എല്ലാം പുറത്തെത്തി. തൂത്തന്‍ഖാമന്റെ സീല്‍, ലെതര്‍ ഷീല്‍ഡ്, ശവക്കല്ലറയില്‍ നിന്നും ലഭിച്ച ശിശുക്കളുടെ മമ്മികള്‍ എന്നിവയെല്ലാം പുതിയ മ്യൂസിയത്തിലുണ്ട്. യുദ്ധകാലത്ത് തൂത്തന്‍ഖാമന്‍ ഉപയോഗിച്ചിരുന്ന ആറ് രഥങ്ങളും മ്യൂസിയത്തിലുണ്ട്. തൂത്തന്‍ഖാമന്റെ പ്രാര്‍ത്ഥനാകേന്ദ്രവും പുതിയ മ്യൂസിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ മമ്മി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നില്ല. അത് ഫറോവമാരുടെ അന്ത്യവിശ്രമകേന്ദ്രമായ 'രാജാക്കന്‍മാരുടെ താഴ്‌വരയില്‍' തന്നെ തുടരും.

മറ്റു പ്രധാന വസ്തുക്കള്‍

റംസെസ്സ് രണ്ടാമന്‍ ഫറോവയുടെ ഉപകരണങ്ങള്‍, അദ്ദേഹത്തിന്റെ പ്രതിമ, റംസെസ്സ് രണ്ടാമന്റെ മകന്‍ മെര്‍നെപ്താഹിന്റെ സ്തംഭം, ഗ്രാന്‍ഡ് സ്റ്റെയര്‍കേസ് തുടങ്ങിയവ മ്യൂസിയത്തിലുണ്ട്.