ജീവപര്യന്തത്തിലെ നിശ്ചിത ശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണം: സുപ്രിംകോടതി

Update: 2025-08-13 05:42 GMT

ന്യൂഡല്‍ഹി: ജീവപര്യന്തം തടവിലെ നിശ്ചിത ശിക്ഷ അനുഭവിച്ച പ്രതിക്ക് ശിക്ഷാ ഇളവില്ലാതെ തന്നെ ജയില്‍ മോചിതനാവാനുള്ള അവകാശമുണ്ടെന്ന് സുപ്രിംകോടതി. 2002ലെ നിതീഷ് കട്ടാര കൊലക്കേസിലെ പ്രതിയായ സുഖ്‌ദേവ് യാദവിനെ ജയിലില്‍ നിന്നും വിട്ടയക്കാന്‍ നിര്‍ദേശിക്കുന്ന ഉത്തരവിലാണ് സുപ്രിംകോടതി ഇക്കാര്യം പറഞ്ഞത്. കേസില്‍ സുഖ്‌ദേവിനെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരുന്നത്. 20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവ് നല്‍കരുതെന്നും വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ 20 വര്‍ഷം കഴിഞ്ഞപ്പോഴാണ് തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സുഖ്‌ദേവ് സുപ്രിംകോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. സുഖ്‌ദേവിനെ വെറുതെവിടാന്‍ സെന്റന്‍സ് റിവ്യൂ ബോര്‍ഡ് കൂടേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. '' ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട, നിശ്ചിതകാലം തടവില്‍ കിടക്കണമെന്ന് പറഞ്ഞവരെ ആ കാലയളവ് കഴിഞ്ഞാല്‍ വിട്ടയക്കണം.''-കോടതി പറഞ്ഞു. ഈ വിധിയുടെ പകര്‍പ്പ് വിവിധ സംസ്ഥാനങ്ങള്‍ക്ക് അയച്ചുനല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.