ഒരു കേസില്‍ രണ്ട് അപ്പീല്‍ ഫയല്‍ ചെയ്ത് പ്രതി: ഒന്നില്‍ ശിക്ഷിച്ചു, ഒന്നില്‍ വെറുതെവിട്ടു; പ്രതിയ്ക്ക് ഒരു ലക്ഷം പിഴയിട്ട് ഹൈക്കോടതി
കൊച്ചി: ഒരു കേസില്‍ സെഷന്‍സ് കോടതിയില്‍ രണ്ട് അപ്പീലുകള്‍ ഫയല്‍ ചെയ്ത പ്രതിയ്ക്ക് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. പ്രതി നിയമവ്യവസ്ഥയെ തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സ്വദേശി കൃഷ്ണനാണ് ഒരു ലക്ഷം രൂപ പിഴയടക്കേണ്ടത്.
വീട്ടില്‍ അതിക്രമിച്ചു കയറി കൊള്ള നടത്തിയെന്ന കായംകുളം പോലിസിന്റെ കേസില്‍ നാലു പ്രതികളാണുണ്ടായിരുന്നത്. അതില്‍ കൃഷ്ണന്‍ അടക്കം മൂന്നുപേരെ വിചാരണക്കോടതി ശിക്ഷിച്ചു. തുടര്‍ന്ന് കൃഷ്ണനും മറ്റൊരു പ്രതിയും അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികളുടെ അപ്പീല്‍ തള്ളി. മൂന്നുവര്‍ഷത്തിന് ശേഷം മറ്റൊരു അഭിഭാഷകന്‍ വഴി കൃഷ്ണന്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മറ്റൊരു അപ്പീല്‍ നല്‍കി. ഇതില്‍ വാദം കേട്ട കോടതി 2016ല്‍ കൃഷ്ണനെ വെറുതെവിട്ടു. ഏകദേശം പത്തുവര്‍ഷത്തോളമായപ്പോള്‍ രേഖകളില്‍ സംശയം തോന്നിയ സെഷന്‍സ് കോടതി ഹൈക്കോടതിക്ക് കത്തയച്ചു. തുടര്‍ന്ന് കൃഷ്ണനെ എതിര്‍കക്ഷിയാക്കി ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച് സെഷന്‍സ് കോടതിയുടെ വെറുതെവിടല്‍ വിധി റദ്ദാക്കി. കൃഷ്ണന് ഒരുലക്ഷം രൂപ പിഴയുമിട്ടു.