ആര്‍എസ്എസ് മേധാവിയുമായി ചര്‍ച്ച നടത്തി ഗുരുനാനാക്ക് സര്‍വകലാശാല വിസി; അകാല്‍ തക്ത് സമിതിയില്‍ നിന്നും പുറത്താക്കി

Update: 2025-08-04 04:19 GMT

ജലന്ധര്‍: പഞ്ചാബിലെ ഗുരു നാനാക്ക് സര്‍വകലാശാലയുടെ വിസി കരംജീത് സിംഗിനെ സിഖ് പരമോന്നത മത കേന്ദ്രമായ അകാല്‍ തക്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്ന സമിതിയില്‍ നിന്നും പുറത്താക്കി. ജൂലൈ 28ന് കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗ്‌വതിന് വിസി ചില വിശദീകരണങ്ങള്‍ നല്‍കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ നടപടി. രാജ്യത്തെ സിഖ് ഗുരുദ്വാരകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സമിതിയാണ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അഥവാ എസ്ജിപിസി.

ആര്‍എസ്എസ് നേതൃത്വത്തിലുള്ള ശിക്ഷാ സന്‍സ്‌കൃതി ഉത്തന്‍ ന്യാസ് എന്ന സംഘടനയാണ് കൊച്ചിയില്‍ പരിപാടി നടത്തിയിരുന്നത്. ഭാരതീയ ജ്ഞാന പരമ്പര എന്ന വിഷയത്തില്‍ നിര്‍ബന്ധിത പ്രി പിഎച്ച്ഡി കോഴ്‌സ് തുടങ്ങിയതായി കരംജീത് സിംഗ്, മോഹന്‍ ഭഗ്‌വതിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. സിഖ് മതവും ഋഗ്വേദ ആശയങ്ങളും താരതമ്യം ചെയ്യാന്‍ സിഖ് സ്റ്റഡി ചെയര്‍ രൂപീകരിച്ചതായും അദ്ദേഹം പറയുന്നു. സിഖ് വിശ്വാസപരമായ കാര്യങ്ങളില്‍ ആര്‍എസ്എസും ബിജെപിയും നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കേയാണ് ഈ സംഭവം നടന്നിരിക്കുന്നത്. സിഖ് വിരുദ്ധ നിലപാടാണ് വിസി സ്വീകരിച്ചതെന്ന് എസ്ജിപിസി സെക്രട്ടറി പര്‍താപ് സിംഗ് പറഞ്ഞു. സിഖ് മതത്തെ ഹിന്ദുമതത്തിന്റെ ഒരു ശാഖയായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.