ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയുടെ ചിത്രങ്ങളുമായി ആഹ്ലാദപ്രകടനം നടത്തി ബിജെപി പ്രവര്‍ത്തകര്‍

Update: 2025-02-21 02:05 GMT

അഹമദാബാദ്: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയുടെ ചിത്രവുമായി ആഹ്ലാദപ്രകടനം നടത്തി ബിജെപി പ്രവര്‍ത്തകര്‍. ജുനാഗഡ് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ വിജയിച്ചതിനെ തുടര്‍ന്ന് സോനാവാല ഹൈസ്‌കൂള്‍ പരിസരത്ത് നടത്തിയ ആഹ്ലാദപ്രകടനത്തിലാണ് ഇന്ത്യയിലും വിദേശത്തും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്‌ണോയുടെ ചിത്രങ്ങള്‍ ഉയര്‍ന്നത്.

സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതി നല്‍കിയതോടെ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ രണ്ടുപേരും ലോറന്‍സ് ബിഷ്‌ണോയുടെ ഫാന്‍ ബോയ്‌സ് ആണെന്ന് പോലിസ് പറഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍, സംഘടിതകുറ്റകൃത്യം തുടങ്ങി 70 കേസുകളില്‍ പ്രതിയാണ് ലോറന്‍സ്. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകം ഏറെ വിവാദമായിരുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാസിദ്ധീഖിയുടെ കൊലപാതകം തുടങ്ങിയ കേസുകളിലും ഇയാള്‍ ആരോപണവിധേയനാണ്.