കൊല്ലം: അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളില്‍ ഒന്ന് ആലപ്പാട് ചെറിയഴീക്കല്‍ തീരത്തടിഞ്ഞു. രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കല്‍ സിഎഫ്‌ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്‌നര്‍ കണ്ടത്. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു. കലക്ടര്‍ എന്‍ ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.തുറന്നനിലയിലായിരുന്ന കണ്ടെയ്‌നറില്‍ ഒന്നും കണ്ടെത്താനായില്ല.ശക്തികുളങ്ങരയിൽ മൂന്നെണ്ണം അടിഞ്ഞിട്ടുണ്ട്.
കണ്ടെയ്‌നറുകളില്‍ ചിലത് അമ്പലപ്പുഴയിലോ തോട്ടപ്പള്ളി ഭാഗത്തോ അടുക്കാൻ സാധ്യതയുണ്ട്. 73 കാലി കണ്ടെയ്‌നര്‍ ഉള്‍പ്പെടെ 623 കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണത്തില്‍ ഹാനികരമായ രാസവസ്തുക്കളും 12ല്‍ കാല്‍സ്യം കാര്‍ബൈഡുമായിരുന്നു. ടാങ്കുകളില്‍ ഊര്‍ജോത്പാദനത്തിന് ഉപയോഗിക്കുന്ന 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും ഉണ്ടായിരുന്നു. ചരക്കുകപ്പലുകളില്‍ ഇന്ധനമായി പൊതുവേ ഉപയോഗിക്കുന്നത് ഹെവി ഫ്യുവല്‍ ഓയിലാണ് (എച്ച്എഫ്ഒ). എംഎസ്‌സി എല്‍സയിലും ഉപയോഗിച്ചിരുന്നത് ഇതാണെങ്കില്‍ മറ്റ് ഇന്ധനങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നാല്‍ ഉണ്ടാകുന്നതിന്റെ പലമടങ്ങു നാശമാകും ഫലം.
