റാപ്പര്‍ വേടനെതിരായ ഗൂഡാലോചന തൃക്കാക്കര എസിപി അന്വേഷിക്കും

Update: 2025-09-16 03:42 GMT

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരായ ഗൂഡാലോചന അന്വേഷിക്കണമെന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കൈമാറി. പരാതിയില്‍ അന്വേഷണം നടത്താന്‍ തൃക്കാക്കര എസിപിക്ക് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒരു യുവതി നല്‍കിയ പരാതിയില്‍ തൃക്കാക്കര പോലിസ് വേടനെതിരേ കേസെടുത്തിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെയും ചില മാധ്യമങ്ങളിലൂടെയും വേടനെതിരേ പലതരം ആരോപണങ്ങള്‍ ഉന്നയിച്ചു. അതിനിടെ വേടന്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടി. വേടനെതിരെ കൂടുതല്‍ പേര്‍ പരാതി നല്‍കുമെന്ന് ആദ്യം കേസ് നല്‍കിയ യുവതി ഹൈക്കോടതിയില്‍ പറയുകയുമുണ്ടായി. ഇതെല്ലാം ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് വേടന്റെ കുടുംബം പറയുന്നത്. വേടന്റെ രാഷ്ട്രീയത്തോട് എതിര്‍പ്പുള്ളവരാണ് പരാതിക്ക് പിന്നിലെന്ന് സഹോദരന്‍ ഹരിദാസ് പറഞ്ഞിരുന്നു. കുടുംബം ട്രോമയിലൂടെ കടന്നുപോകുകയാണ്. കുടുംബം അനുഭവിക്കുന്ന മാനസിക പ്രയാസത്തെ കുറിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും ആരുടെയും പേരെടുത്തു പറഞ്ഞ് നല്‍കിയ പരാതി അല്ലെന്നും ഹരിദാസ് പറഞ്ഞിരുന്നു.