ബംഗ്ലാദേശിലേക്ക് തള്ളിവിട്ട ഗര്‍ഭിണിയെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഇന്ത്യക്കാരിയല്ലെന്ന് ആരോപിച്ച് ബംഗ്ലാദേശിലേക്ക് തള്ളിവിട്ട ഗര്‍ഭിണിയേയും എട്ടുവയസുകാരനായ മകനെയും തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് സുപ്രിംകോടതി. മാനുഷികതയുടെ പശ്ചാത്തലത്തില്‍ ഈ വിഷയം പരിഗണിക്കാനാണ് ചീഫ്ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. കേസ് ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. ബംഗ്ലാദേശിലേക്ക് തള്ളിവിട്ടവരെ സോണാലി ഖാത്തൂം അടക്കമുള്ളവരെ തിരികെ കൊണ്ടുവരണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ബംഗ്ലാദേശിലേക്ക് തള്ളിവിട്ടവരെ തിരികെ കൊണ്ടുവരണമെന്ന് സെപ്റ്റംബറിലാണ് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. തിരികെ വരുന്നവരുടെ പൗരത്വം എല്ലാ രേഖകളുടെയും അടിസ്ഥാനത്തില്‍ വീണ്ടും പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഗര്‍ഭിണിയെന്ന പേരില്‍ ആരെയെങ്കിലും തിരികെ കൊണ്ടുവരുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ സോണാലി ഖാത്തൂം അടക്കമുള്ളവര്‍ ബംഗ്ലാദേശികള്‍ അല്ലെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ പറയുന്നത്. ഇവരെയെല്ലാം ഇന്ത്യയിലേക്ക് തന്നെ തിരികെ അയക്കാനാണ് അവരുടെ തീരുമാനം.