ആര്‍എസ്എസ് ശാഖയിലെ പീഡനത്തെ കുറിച്ചുള്ള പോസ്റ്റ്: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2025-10-16 04:48 GMT

ഭോപ്പാല്‍: കേരളത്തിലെ ആര്‍എസ്എസ് ശാഖയില്‍ ലൈംഗികപീഡനത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ സിംഗോലി സ്വദേശിയായ ഖാജ ഹുസൈനെയാണ് പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എഐസിസി അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ പവന്‍ ഖേഡയുടെ പ്രസ്താവന വാട്ട്‌സാപ്പില്‍ സ്റ്റാറ്റസായി ഇട്ടതിനാണ് കേസും അറസ്റ്റും. കോണ്‍ഗ്രസ് ജില്ലാ നേതാവ് പങ്കജ് തിവാരി നടത്തുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന പോസ്റ്റാണ് ഖാജാ ഹുസൈന്‍ വാട്ട്‌സാപ്പില്‍ ഷെയര്‍ ചെയ്തത്. വാട്ട്‌സാപ്പ് സ്റ്റാറ്റസ് കണ്ടവരാണ് പോലിസില്‍ പരാതി നല്‍കിയതെന്ന് ഖാജ ഹുസൈന്റെ മകന്‍ ഷാറൂഖ് പറഞ്ഞു. '' പോലിസ് ഞങ്ങളെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. മദ്യപിച്ച് മദോന്‍മത്തരായ പോലിസുകാര്‍ വര്‍ഗീയമായ രീതിയില്‍ സംസാരിച്ചു. ഞങ്ങളെ അവര്‍ പന്നികള്‍ എന്നും മറ്റും വിളിച്ചു.''-ഷാറൂഖ് കൂട്ടിച്ചേര്‍ത്തു. മതവികാരം വ്രണപ്പെടുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം പാലിച്ചില്ല തുടങ്ങിയ വകുപ്പുകളാണ് പോലിസ് കേസില്‍ ചേര്‍ത്തിരിക്കുന്നത്.

താനാണ് പവന്‍ ഖേഡയുടെ പ്രസ്താവന ആദ്യം ഷെയര്‍ ചെയ്തതെന്നും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ തനിക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും പങ്കജ് തിവാരി പറഞ്ഞു. ആര്‍എസ്എസിനെതിരായ തന്റെ പ്രസ്താവന ഷെയര്‍ ചെയ്ത ഖാജ ഹുസൈനെതിരേ കേസെടുത്തതില്‍ പവന്‍ ഖേഡയും പ്രതിഷേധിച്ചു. മുസ്‌ലിം ആയതു കൊണ്ടാണ് ഖാജ ഹുസൈനെ പോലിസ് വേട്ടയാടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.