തിരുവനന്തപുരം: ഹിന്ദു സാമുദായിക ഐക്യം വേണമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസ്സുമായി സഹകരിച്ചുപോകണമെന്ന് എസ്എന്‍ഡിപി ആഗ്രഹിക്കുന്നുണ്ട്. എന്‍എസ്എസ്സിനും അതിന് താത്പര്യമുണ്ട്. കാരണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസിലാക്കുന്നു. എന്‍എസ്എസ് നേതൃത്വം അനുകൂലമായി തീരുമാനമെടുക്കുമെന്നാണ് വിശ്വാസമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണ ഈ ഐക്യത്തിന് പിന്നിലില്ല. രമേശ് ചെന്നിത്തല ആണ് ഇതിന്റെ പിന്നിലെന്ന് ഒരു മാധ്യമം പറഞ്ഞു. രമേശ് ചെന്നിത്തല ഇവിടെ കയറിയിട്ട് എത്ര നാളായി. അവരുടെയൊന്നും ആവശ്യമില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂരമാണ്. ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രവര്‍ത്തിക്കില്ല. അവരുടെ കൈയ്യിലിരിപ്പ് കൊണ്ട് ചിലപ്പോള്‍ തിരിച്ചടിയാകും. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ നയപരമായ വിഷയങ്ങള്‍ പറയാന്‍ സതീശന് എന്ത് അവകാശമാണുള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. കെപിസിസി പ്രസിഡന്റിനെ നോക്കുകുത്തിയാക്കി എല്ലാ അഭിപ്രായവും പറയുന്നു. അദ്ദേഹമല്ലെ ശത്രുക്കളെ ഉണ്ടാക്കുന്നത്. ഇവിടെ വന്ന് വോട്ട് ചോദിച്ചശേഷം സമുദായങ്ങളുടെ തിണ്ണ നിരങ്ങരുതെന്ന് പറയാന്‍ സതീശന് യോഗ്യതയില്ല. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ ഞങ്ങള്‍ക്കെന്ത് കിട്ടാനാ. അവരാരും യോഗ്യരല്ല. വരാന്‍ പോകുന്നത് കണ്ടോയെന്നു സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ്, ഭരണത്തില്‍ വരില്ലെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് ഇത്തരത്തിലാണ് കയ്യിലിരിപ്പെങ്കില്‍ അവര്‍ അനുഭവിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.എന്‍എസ്എസ്സുമായി ഐക്യം വേണമെന്നും നേതൃത്വവുമായി മുമ്പുണ്ടായിരുന്ന അകല്‍ച്ച ഇപ്പോള്‍ ഇല്ലെന്നും നേരത്തേ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.
