മലയാളം സര്‍വകലാശാല ഭൂമി: ഉത്തരവാദികളില്‍ നിന്നും നഷ്ടം തിരിച്ചുപിടിക്കണമെന്ന് കോണ്‍ഗ്രസ്

Update: 2025-09-14 07:05 GMT

പന്താവൂര്‍: മലയാളം സര്‍വകലാശാലയ്ക്ക് കെട്ടിടം നിര്‍മിക്കാന്‍ മോശം ഭൂമി മാര്‍ക്കറ്റ് വിലയുടെ പത്തിരട്ടിക്ക് വാങ്ങി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയവര്‍ക്കെതിരേ നടപടി വേണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍. കെ ടി ജലീല്‍ പറയുന്നതൊന്നും വസ്തുതാപരമല്ല. ഈ ഭൂമി ഏറ്റെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരു നീക്കവും നടത്തിയിരുന്നില്ല. വില നിശ്ചയിക്കുകയും ചെയ്തിരുന്നില്ല. അതെല്ലാം നടന്നതും ഉത്തരവിറക്കിയതും ഇടതുപക്ഷം ഭരിക്കുമ്പോഴും കെ ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്നപ്പോഴും ആണ്. ഭൂമി സംബന്ധമായി കിട്ടിയ അപേക്ഷകള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുക എന്ന കാര്യം മാത്രമാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നത്. കെ ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയതിനുശേഷം ആണ് ഭൂമി ഏറ്റെടുക്കുന്നതിനും വില നിശ്ചയിച്ചവര്‍ക്ക് റോക്കറ്റ് വേഗത്തില്‍ പണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ മന്ത്രിയുടെ പങ്കും സംശയിക്കണം. ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിയും ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നതാണ്. കെ ടി ജലീല്‍ പറയുന്നതുപോലെ ഈ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാമെങ്കില്‍ എന്തിനാണ് പുതിയ ഭൂമി അന്വേഷിച്ച് റവന്യൂ വകുപ്പ് നടക്കുന്നതെന്നും സിദ്ദീഖ് പന്താവൂര്‍ ചോദിച്ചു.