കായലോട്ടെ യുവതിയുടെ ആത്മഹത്യ: രാഷ്ട്രീയ നിറം നല്‍കാനുള്ള സിപിഎം ശ്രമം ദൗര്‍ഭാഗ്യകരം; കോണ്‍ഗ്രസ്
കണ്ണൂര്‍: പിണറായി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കായലോട് പറമ്പായിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. സദാചാരഗുണ്ടായിസവും ആള്‍ക്കൂട്ട വിചാരണയും ഒരു തരത്തിലും അംഗീകരിക്കാനാവില്ല. മൂന്നു പേരെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തില്‍ കുറ്റക്കാരായവരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
കായലോട് സംഭവത്തിന് പിന്നിലെ യഥാര്‍ഥ വസ്തുതകള്‍ പുറത്തു കൊണ്ടു വരുന്നതിനു പകരം ഇതിനു രാഷ്ട്രീയനിറം നല്‍കാന്‍ സിപിഎം ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ പ്രദേശത്ത് ക്രിമിനലുകളെ കൊണ്ട് രക്ഷയില്ലെന്നാണ് ഉത്തരവാദപ്പെട്ട ഒരു സിപിഎം നേതാവ് ചാനല്‍ചര്‍ച്ചയില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ നാട്ടില്‍ ഇത്തരത്തില്‍ ക്രിമിനലുകള്‍ കാരണം വഴി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെങ്കില്‍ അത് ആഭ്യന്തരവകുപ്പിന്റെ കഴിവുകേടാണ്.
കായലോട് സംഭവത്തില്‍ മരിച്ച യുവതിയുടെ മാതാവ് പോലിസില്‍ പരാതി നല്‍കിയതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വസ്തുതയുണ്ടോയെന്നു കൂടി അന്വേഷിക്കണം.
സദാചാരഗുണ്ടായിസമായാലും ആള്‍ക്കൂട്ടവിചാരണയായാലും അതിനെ ശക്തമായി നേരിടണമെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ നിലപാട്. പട്ടാപ്പകല്‍ ആള്‍ക്കൂട്ടവിചാരണ നടത്തി അരിയില്‍ ഷുക്കൂറെന്ന കൗമാരക്കാരനെ പരസ്യമായി കൊന്നവര്‍ക്ക് താലിബാനിസത്തെ കുറിച്ച് പറയാന്‍ എന്ത് ധാര്‍മികാവകാശമാണുള്ളതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സ്വയം വിലയിരുത്തുന്നത് നന്നായിരിക്കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പ്രതികരിച്ചു.
