മത്സരിക്കാന്‍ കോണ്‍ഗ്രസിന് സീറ്റില്ല; മഞ്ചേശ്വരത്ത് ഓഫിസ് പൂട്ടി പ്രവര്‍ത്തകര്‍

Update: 2025-11-24 02:28 GMT

മഞ്ചേശ്വരം: ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലം കമ്മിറ്റി ഓഫിസ് പൂട്ടി. മഞ്ചേശ്വരം പഞ്ചായത്തില്‍ മഞ്ചേശ്വരം, കുഞ്ചത്തൂര്‍, ബഡാജെ എന്നീ ബ്ലോക്ക് ഡിവിഷനുകളാണുള്ളത്. ഇതില്‍ കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ച ബഡാജെ ഇത്തവണ ലീഗിന് നല്‍കി. മഞ്ചേശ്വരം ഇത്തവണ എസ്സി സംവരണ സീറ്റാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് കോണ്‍ഗ്രസിന് നല്‍കണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം ഈ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് പല തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും തിരുമാനമായില്ല. മൂന്ന് സീറ്റും മുസ്ലിം ലീഗിനാണ് ലഭിച്ചത്. തുടര്‍ന്ന് ഹൊസങ്കടി ടൗണില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തകര്‍ അടച്ചുപൂട്ടി. നേതാക്കളുടെ ഫോട്ടോ, ബോര്‍ഡുകള്‍, ഫര്‍ണിച്ചര്‍ തുടങ്ങി സാധനസാമഗ്രികളെല്ലാം പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.