കോഴിക്കോട് കോണ്‍ഗ്രസിലും ലീഗിലും തര്‍ക്കം; നേതാക്കള്‍ രാജിവച്ചു

Update: 2025-11-15 08:25 GMT

കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലേക്കുള്ള ഭൂരിഭാഗം സ്ഥാനാര്‍ഥികളെയും തീരുമാനിച്ചിട്ടും തര്‍ക്കം തീരാതെ കോണ്‍ഗ്രസും ലീഗും. സീറ്റ് തര്‍ക്കത്തില്‍ പരിഹാരമാവാതെ വന്നതോടെ കോഴിക്കോട് നോര്‍ത്ത് വനിതാലീഗ് മണ്ഡലം സെക്രട്ടറി റംല രാജിവെച്ചു. വെള്ളിയാഴ്ച പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളുടെ പട്ടികയോടുള്ള വിയോജിപ്പില്‍ നല്ലളം ഡിവിഷനിലെ വാര്‍ഡ് കമ്മിറ്റികളും രാജിവെക്കാനാണ് സാധ്യത. മുഖദാര്‍, പന്നിയങ്കര, നല്ലളം, അരിക്കാട്, കൊളത്തറ മൂന്നാലിങ്കല്‍ ഡിവിഷനുകളിലും പട്ടികയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. കോവൂരിലും കുറ്റിച്ചിറയിലും മുഖദാറിലും വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുവരുമെന്ന് സൂചനയുണ്ട്.

സമാന പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസിലും പോരും രാജിയും തുടരുകയാണ്. കോര്‍പറേഷന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ചയെന്ന് ആരോപിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ വി ബാബുരാജ് രാജിവെച്ചു. എരഞ്ഞിപ്പാലം വാര്‍ഡില്‍ സ്ഥാനാര്‍ഥി നിര്‍ണയ മാര്‍ഗരേഖ അട്ടിമറിച്ചുവെന്നും വാര്‍ഡ് കമ്മിറ്റി നല്‍കിയ പേരുകള്‍ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. പരാജയം ഭയന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മറ്റൊരു വാര്‍ഡിലേക്ക് പോയി. എരഞ്ഞിപ്പാലം വാര്‍ഡില്‍ നൂലില്‍ കെട്ടി സ്ഥാനാര്‍ഥിയെ ഇറക്കിയെന്നും വാര്‍ഡുമായി ബന്ധമില്ലാത്ത മുന്‍ ബ്ലോക്ക് സെക്രട്ടറിയെ സ്ഥാനാര്‍ഥിയാക്കിയെന്നും ബാബുരാജ് ആരോപിക്കുന്നുണ്ട്.