കൊച്ചി: ഇടതുമുന്നണിയെ അധികാരത്തില്‍ നിന്നും പുറത്തുനിര്‍ത്താന്‍ യോജിച്ച് കോണ്‍ഗ്രസും ട്വന്റി 20യും. കുന്നത്ത്‌നാട് നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ഒന്നില്‍ പോലും അധികാരം പിടിക്കാന്‍ എല്‍ഡിഎഫിനായില്ല. എല്‍ഡിഎഫ് ഭരണം പിടിക്കാന്‍ സാധ്യതയുണ്ടായിരുന്ന വടവുകോട്പുത്തന്‍കുരിശ് പഞ്ചായത്തില്‍ ട്വന്റി 20 പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു. പുത്തന്‍കുരിശ് പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ്-8, യുഡിഎഫ്-7, ട്വന്റി20-2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഒറ്റയ്ക്ക് മത്സരിച്ചാല്‍ എല്‍ഡിഎഫ് അധികാരം പിടിക്കുമെന്നിരിക്കെ, ട്വന്റി 20 യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫിന്റെ റെജി തോമസാണ് പ്രസിഡന്റ്.
വടവുകോട് ബ്ലോക് പഞ്ചായത്ത് ഭരണം നറുക്കെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നു. കോണ്‍ഗ്രസിന്റെ സവിത അബ്ദുള്‍റഹ്‌മാനാണ് പരാജയപ്പെട്ടത്. അതേസമയം, ബ്ലോക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് ഭരണം നറുക്കെടുപ്പില്‍ യുഡിഎഫിനായി. ബിജു കെ ജോര്‍ജ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ സി എം ജോയി പരാജയപ്പെട്ടു. സമാനമായ വിധത്തില്‍ പൂതൃക്ക പഞ്ചായത്തിലും ഭാഗ്യ, നിര്‍ഭാഗ്യങ്ങള്‍ യുഡിഎഫിനും ട്വന്റി 20ക്കുമായി മാറിമറിഞ്ഞു. ഇവിടെ യുഡിഎഫിനും ട്വന്റി 20ക്കും 7 വീതം സീറ്റുകളാണ് ലഭിച്ചത്. ഇതോടെ നറുക്കെടുപ്പ് അനിവാര്യമായി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ട്വന്റി 20ക്കൊപ്പം നിന്നപ്പോള്‍ ഷൈജ റെജിയെ തോല്‍പ്പിച്ച് പൂജ ജോമോന്‍ പ്രസിഡന്റായി. എന്നാല്‍ വൈസ് പ്രസിഡന്റ് പദവിയില്‍ നറുക്ക് വീണത് യുഡിഎഫിന്. ശാന്തി ഷിബുവിനെ മറികടന്ന് ജോണ്‍ ജോസഫ് ഇവിടെ പ്രസിഡന്റായി.
മഴുവന്നൂര്‍ പഞ്ചായത്തില്‍ യുഡിഎഫ്-9, എല്‍ഡിഎഫ്-6, ട്വന്റി 20-6, എന്‍ഡിഎ-1 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഇവിടെ യുഡിഎഫിനാണ് പഞ്ചായത്ത് ഭരണം. ട്വന്റി 20 മത്സരത്തില്‍ നിന്ന് വിട്ടുനിന്നു. തിരുവാണിയൂരില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന എന്ന നിലയില്‍ 9 സീറ്റുകള്‍ നേടി ട്വന്റി 20 ഭരണം പിടിച്ചു. യുഡിഎഫ്-5, എല്‍ഡിഎഫ്-4 എന്നിങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ലഭിച്ച സീറ്റുകള്‍. കുന്നത്തുനാട് പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ 12 സീറ്റുള്ള യുഡിഎഫിനാണ് ഭരണം. ട്വന്റി 20-8, എല്‍ഡിഎഫ്-1 എന്നിങ്ങനെയായിരുന്നു ഇവിടെ വോട്ടുനില. കിഴക്കമ്പലം പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ 14 എണ്ണം നേടിയ ട്വന്റി 20ക്കാണ് ഭരണം. ട്വന്റി 20യുടെ ശക്തികേന്ദ്രമായ ഇവിടെ സംയുക്തമുന്നണി 7 സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഐക്കരനാട് പഞ്ചായത്തിലെ 16 വാര്‍ഡിലും വിജയിച്ച് ട്വന്റി 20 ഭരണം നിലനിര്‍ത്തി. വാഴക്കുളം പഞ്ചായത്തിലെ 24 വാര്‍ഡുകളില്‍ 15 സീറ്റ് നേടിയ യുഡിഎഫിനാണ് ഭരണം. എല്‍ഡിഎഫ്-2, എന്‍ഡിഎ-2, എസ്ഡിപിഐ-2, സ്വതന്ത്രര്‍-3 എന്നിങ്ങനെയായിരുന്നു മറ്റു കക്ഷിനില.

