ജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്ന കോടതി വിധികള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: രാജ്യത്ത് ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാതി വിവേചനത്തിന് ബലം നല്‍കുന്ന ചില കോടതി വിധികളെ ഗൗരവത്തോടെയും കര്‍ശനമായും പരിഗണിക്കണമെന്ന് സുപ്രിംകോടതി ചീഫ്ജസ്റ്റിസിനോട് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. എഐസിസിയുടെ എസ്.സി വകുപ്പ് ചെയര്‍മാന്‍ രാജേന്ദ്ര പാല്‍ ഗൗതമാണ് ഈ കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. ജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്ന ജഡ്ജിമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നതിനു പുറമേ, ജഡ്ജിമാര്‍ക്കായി സുപ്രിംകോടതി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഗൗതം നിര്‍ദ്ദേശിച്ചു,
ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാര്‍ക്ക് എസ്സി അല്ലെങ്കില്‍ എസ്ടി സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒരു ബലാല്‍സംഗ കേസ് പ്രതിയെ ഛത്തീസ്ഗഡ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയതായി ഗൗതം ചൂണ്ടിക്കാട്ടി. 1992ലെ ഭന്‍വാരി ദേവി കൂട്ടബലാത്സംഗ കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കാന്‍ സമാനമായ ന്യായീകരണം ഉപയോഗിച്ചിരുന്നു. ഇത്രയും കാലത്തിനിടയില്‍ ഇതൊന്നും മാറിയിട്ടില്ല. അടുത്തിടെ ഒഡീഷയില്‍ നടന്ന ഒരു പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ട് ദലിത് യുവാക്കള്‍ക്ക് ജാമ്യം നല്‍കിയപ്പോള്‍ പോലിസ് സ്‌റ്റേഷന്‍ അടിച്ചുവാരണമെന്ന് നിബന്ധന വച്ചതായും ഗൗതം ചൂണ്ടിക്കാട്ടി. ജഡ്ജിമാരുടെ ഇത്തരം മനോഭാവം അപകടകരമായ പ്രത്യാഘാതങ്ങളുള്ള പ്രവണതയാണെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ലഭിച്ച ആറ് ലക്ഷത്തിലധികം പരാതികളില്‍ ഏകദേശം 7,500 എണ്ണം മാത്രമേ പട്ടികജാതി-വര്‍ഗ കമ്മീഷനുകള്‍ കേട്ടിട്ടുള്ളൂവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദലിതര്‍ക്കും ആദിവാസികള്‍ക്കുമെതിരായ അതിക്രമങ്ങളുടെ വിഷയത്തില്‍ ആര്‍എസ്എസും അതിന്റെ അനുബന്ധ സംഘടനകളും മൗനം പാലിക്കുന്നതിനെ ഗൗതം ചോദ്യം ചെയ്തു.
