ന്യൂഡല്‍ഹി: സംഘപരിവാര സംഘടനയായ എബിവിപിയെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിക്കണമെന്ന് കോണ്‍ഗ്രസ്. വിദ്യാര്‍ഥികളെ ഭിന്നിപ്പിക്കുന്നതും വിഷം കുത്തിവയ്ക്കുന്നതുമായ ആശയമാണ് എബിവിപി പ്രചരിപ്പിക്കുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് അല്‍ക്കാ ലാംബയും എന്‍എസ്‌യുഐ ദേശീയ പ്രസിഡന്റ് വരുണ്‍ ചൗധരിയും വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മധ്യപ്രദേശില്‍ വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറ്റുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ സൗത്ത് ഏഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവാദിത്തം ഏല്‍ക്കണമെന്ന് അല്‍ക്കാ ലാംബ ആവശ്യപ്പെട്ടു. കേരളത്തില്‍ ഒരു യുവാവ് ആര്‍എസ്എസ് ശാഖയില്‍ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്‌തെന്ന് വരുണ്‍ ചൗധരി പറഞ്ഞു. കൂടാതെ ഡല്‍ഹിയിലെ കോളജില്‍ എബിവിപി നേതാവ് അധ്യാപകനെ മര്‍ദ്ദിച്ചു. ഇതെല്ലാം എബിവിപിയുടെ മനോവൈകൃതമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.