ആര്‍എസ്എസ് പതാകയുമായി ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണര്‍; നടപടി വേണമെന്ന് കോണ്‍ഗ്രസ്
ബെംഗളുരു: ഉഡുപ്പി ശ്രീകൃഷ്ണ മഠം പര്യായോത്സവ ഘോഷയാത്രയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ടി കെ സ്വരൂപ ആര്‍എസ്എസ് പതാക പൊക്കിപിടിച്ചതില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.. ഉഡുപ്പി ബിജെപി എംഎല്‍എ യശ്പാല്‍ സുവര്‍ണ ആര്‍എസ്എസ് പതാകയാണ് കലക്ടര്‍ക്ക് കൈമാറിയതെന്ന് ഡിസിസി മനുഷ്യാവകാശ സെല്‍ പ്രസിഡന്റ് ഹരീഷ് ഷെട്ടി ചൂണ്ടിക്കാട്ടി. ജനുവരി 18ന് രാവിലെ ഷിരൂര്‍ മഠാധിപതി വേദവര്‍ധന തീര്‍ഥ സ്വാമിയുടെ നഗരപ്രവേശന ഘോഷയാത്ര ഉദ്ഘാടനം ചെയ്താണ് കലക്ടര്‍ ആര്‍എസ്എസ് പതാക പൊക്കിപിടിച്ചത്. എന്നാല്‍ രാഷ്ട്രീയ പരിപാടിയായിരുന്നില്ലെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് പങ്കെടുത്തതെന്നും കലക്ടര്‍ വിശദീകരിച്ചു. 2026-28 വരെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഷിരൂര്‍ മഠത്തിനു കൈമാറുന്നതിന്റെ കൂടി ഭാഗമായായിരുന്നു ചടങ്ങ്.