പഹല്‍ഗാം ആക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് കോണ്‍ഗ്രസ്; പ്രതിപക്ഷ കക്ഷികള്‍ക്ക് കത്ത് നല്‍കും

Update: 2025-04-27 05:11 GMT

ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെടാന്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് നേതൃത്വം സംസാരിച്ചുവരുകയാണ്. പ്രതിപക്ഷ നേതാക്കള്‍ക്ക് നല്‍കാന്‍ ഒരു കത്തും കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഇന്നു വൈകീട്ടോ നാളെയോ ആയി ഈ കത്തുകള്‍ നല്‍കും.

പഹല്‍ഗാം ആക്രമണത്തിന് പകരമായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടികളെയും പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ സുരക്ഷാ-രഹസ്യാന്വേഷണ വീഴ്ച്ച സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഉയര്‍ത്തി. വീഴ്ച്ചകളുണ്ടായെന്ന് ഒരു പരിധി വരെ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തു. അതിനാല്‍, പഹല്‍ഗാം വിഷയത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. വീഴ്ച്ചകളുടെ ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാവുന്നത് ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.