അന്തിമ വോട്ടര്‍ പട്ടിക; പരാതികള്‍ വ്യാപകം

Update: 2026-02-22 04:22 GMT

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ വിശദ പരിശോധനയ്ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍. അര്‍ഹരായ വോട്ടര്‍മാര്‍ ഒഴിവായിട്ടുണ്ടോയെന്നത് ബൂത്ത് അടിസ്ഥാനത്തില്‍ പരിശോധിക്കും. അന്തിമ പട്ടികയിലും ഒരേ കുടുംബത്തിലുള്ളവര്‍ പല ഭാഗത്തായി എന്ന സ്ഥിതി ചില ബൂത്തുകളില്‍ ഉണ്ട്. അര്‍ഹതയില്ലാത്തവര്‍ പട്ടികയില്‍ കടന്നു കൂടിയെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വെള്ളിയാഴ്ച വിളിച്ച യോഗത്തില്‍ സിപിഎം ഉന്നയിച്ചിരുന്നു. കരടില്‍ ഒഴിവാക്കിയ പേരുകള്‍ സഹിതം അന്തിമ പട്ടികയില്‍ ചേര്‍ക്കാനായെന്നാണ് പ്രാഥമിക പരിശോധനയില്‍ കോണ്‍ഗ്രസ് വിലയിരുത്തല്‍.

അതേസമയം, ഹിയറിംഗ് നടപടികള്‍ക്ക് ശേഷവും പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്കും അര്‍ഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവര്‍ക്കും നിയമപരമായ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതിനിടയില്‍ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.

ഒന്നാം അപ്പീല്‍: ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ (ERO) തീരുമാനത്തിനെതിരെ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 24(a) പ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് (ജില്ലാ കളക്ടര്‍) അപ്പീല്‍ നല്‍കാം. തീരുമാനം അറിഞ്ഞ് 15 ദിവസത്തിനകം വേണം ഈ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരം.

രണ്ടാം അപ്പീല്‍: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിന്‍മേല്‍ തൃപ്തരല്ലെങ്കില്‍ സെക്ഷന്‍ 24(b) പ്രകാരം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് (CEO) രണ്ടാം അപ്പീല്‍ നല്‍കാവുന്നതാണ്. ആദ്യ അപ്പീലിലെ ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം ഇതിനായി അപേക്ഷിക്കണം.

സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയിലെ കൃത്യത ഉറപ്പാക്കാനാണ് ഈ നടപടികള്‍. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ പേരുകള്‍ ചേര്‍ക്കാനുള്ള സൗകര്യം നിലവിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കി.


വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം

https://electoralsearch.eci.gov.in എന്ന വെബ്‌സൈറ്റില്‍ നിങ്ങളുടെ വോട്ടര്‍ ഐഡി നമ്പര്‍ ഉപയോഗിച്ചോ, പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/ വയസ് ഉപയോഗിച്ചോ, മൊബൈല്‍ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രത്യേക തീവ്ര പുതുക്കല്‍ 2026ന്റെ ബൂത്ത് തല വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്. അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരിശോധിക്കാം.