വര്‍ഗീയ പരാമര്‍ശം: ഗോപന്റെ മകനെതിരേ കേസെടുക്കണമെന്ന് പരാതി

Update: 2025-01-17 11:34 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ മണിയന്‍ എന്ന ഗോപന്റെ സമാധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാട്ടുകാരെ മുസ്‌ലിം വര്‍ഗീയവാദികള്‍ എന്ന് വിളിച്ച മകന്‍ സനന്ദനെതിരേ നെയ്യാറ്റിന്‍കര പോലിസില്‍ പരാതി. തിരുവനന്തപുരം മംഗലപുരം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ആഷിക്ക് തോന്നക്കലാണ് പരാതി നല്‍കിയിരിക്കുന്നത്. സനന്ദനെതിരേ ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

പരാതിയുടെ പൂര്‍ണ്ണരൂപം:

'' ബഹുമാനപ്പെട്ട നെയ്യാറ്റിന്‍കര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അവര്‍കള്‍ക്ക് മുമ്പാകെ

ഞാനൊരു ഇസ്‌ലാം മത വിശ്വാസിയാണ്. ഗോപന്‍ സ്വാമി എന്ന വ്യക്തി സമാധി ആയെന്ന് കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മക്കള്‍ 2025 ജനുവരി ഒമ്പതിന് വീടിന്റെ ചുറ്റുവട്ടത്ത് പോസ്റ്റര്‍ ഒട്ടിച്ചു. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ അതിനെതിരേ രംഗത്ത് വന്നു.

തുടര്‍ന്ന് സബ് കലക്ടര്‍, ഡിവൈഎസ്പി, പോലിസ് ഉദ്യോഗസ്ഥര്‍, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍ പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ മകനായ സനന്ദന്‍ മുസ്‌ലിം തീവ്രവാദികളാണ് ഇവിടെ പ്രശ്‌നമുണ്ടാക്കുന്നത് എന്ന് ആവര്‍ത്തിച്ചുവിളിച്ചു പറയുന്നത് ലോകം ലൈവായി കണ്ടു. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറയ്ച്ചുവെക്കാന്‍ ജാതിയും മതവും പറഞ്ഞ് കലാപമുണ്ടാക്കാന്‍ ഇദ്ദേഹം ശ്രമിച്ചെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ഒരു ക്രിമിനല്‍ കുറ്റമാണ്.

വിവിധ ജാതിയിലും മതത്തിലും ഉള്ളവര്‍ സഹോദരങ്ങളായി ജീവിക്കുന്ന നമ്മുടെ നാട്ടില്‍ വര്‍ഗീയത ഇറക്കി രക്ഷപെടാം എന്നുള്ള എന്ന ചിന്തകള്‍ അടുത്ത കാലത്തായി കൂടി വരുന്നു. അതൊരു അപകടമാണ്. മരണത്തിലും വിവാഹത്തിലും മറ്റു ചടങ്ങുകളിലുമെല്ലാം ജാതിമതഭേദമേന്യെ നാട്ടുകാര്‍ പങ്കെടുത്തു പോവുന്ന ഈ കാലത്ത് ദുരൂഹമായ വിഷയത്തില്‍ നാട്ടുകാരുടെ ഇടപെടലും ഉണ്ടായിട്ടുണ്ട്. അവരെ മുസ്‌ലിം വര്‍ഗീയവാദികള്‍ എന്നു വിളിച്ചത് ഒരു വിശ്വാസിയായ എന്നെ ഏറെ പ്രയാസപ്പെടുത്തി. ആയതിനാല്‍ സനന്ദനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് അപേക്ഷിക്കുന്നു.

എന്ന്

ആഷിക്ക് തോന്നയ്ക്കല്‍