ആരാധനാലയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്കക്ക് എതിരെ പരാതി

പള്ളിക്കുന്ന് ദേവാലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളില്‍ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നാണ് പരാതി.

Update: 2024-11-12 13:53 GMT

കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

കഴിഞ്ഞദിവസം പള്ളിക്കുന്ന് ദേവാലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളില്‍ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നാണ് പരാതി. ടി സിദ്ദിഖ് എംഎല്‍എ, വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ഞായറാഴ്ചയാണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിലെത്തിയത്. നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് യുഡിഎഫ് സ്ഥാനാര്‍ഥി നടത്തിയതെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.