ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രക്കെതിരേ പോലിസില്‍ പരാതി. ബംഗ്ലാദേശില്‍ നിന്ന് ആളുകള്‍ ഇന്ത്യയില്‍ നിന്നും നുഴഞ്ഞുകയറുന്നുവെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ അത് തടയേണ്ട അമിത് ഷാ പരാജയപ്പെട്ടതിനാല്‍ അയാളുടെ തലവെട്ടി മേശയില്‍ വയ്ക്കണമെന്ന പരാമര്‍ശത്തിലാണ് പരാതി. '' നുഴഞ്ഞുകയറ്റുകാര്‍ രാജ്യത്തേക്ക് കടക്കുന്നുവെന്ന് അവര്‍ എപ്പോഴും പറയുന്നു. അതിര്‍ത്തി സംരക്ഷിക്കേണ്ട അഞ്ച് സേനകളും കേന്ദ്രസര്‍ക്കാരിന് കീഴിലാണ്. ആഭ്യന്തരമന്ത്രാലത്തിനാണ് അതിന്റെ ഉത്തരവാദിത്തം. നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തെ ജനസംഖ്യാ അനുപാതം തകര്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ പറഞ്ഞു. അത് കേട്ട് ചിരിച്ച് കൈയ്യടിച്ച് നില്‍ക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ ആരുമില്ലെങ്കിന്ന് ജനങ്ങള്‍ വിഷമിക്കുകയാണെങ്കില്‍, എല്ലാ ദിവസവും ആളുകള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറുകയാണെങ്കില്‍, അവര്‍ നമ്മുടെ അമ്മമാരെയും സഹോദരിമാരെയും കണ്ണുവയ്ക്കുകയാണെന്ന് ആശങ്കപ്പെടുകയാണെങ്കില്‍, ആദ്യം ചെയ്യേണ്ടത് അമിത് ഷായുടെ തലവെട്ടി മേശയില്‍ വയ്ക്കലാണ്.''-നാദിയയില്‍ നടന്ന പരിപാടിയില്‍ മഹുവ പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പ്രാദേശിക ബിജെപി നേതാക്കള്‍ പോലിസില്‍ പരാതി നല്‍കിയത്.