തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. യുവതിയോട് ഗര്‍ഭം ഛിദ്രിപ്പിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നത് അടക്കമുള്ള ചില ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യുവതി തന്നെ നേരില്‍ പരാതി നല്‍കിയത്. പരാതിയുടെ കൂട്ടത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. പരാതി ലഭിച്ചയുടന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തി പരാതി കൈപ്പറ്റി. ക്രൈംബ്രാഞ്ചായിരിക്കും കേസ് അന്വേഷിക്കുക.
രാഹുലില്‍നിന്ന് ഗര്‍ഭം ധരിച്ചു, അതിന് നിര്‍ബന്ധിച്ചതും ഗര്‍ഭഛിദ്രത്തിന് പിന്നീട് നിര്‍ബന്ധിച്ചതും രാഹുല്‍ മാങ്കൂട്ടത്തിലാണ് എന്ന് ആരോപിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുല്‍മാങ്കൂട്ടത്തിലിന്റെ ശബ്ദരേഖയും കേള്‍ക്കാം. ഇതിനൊപ്പം പുറത്തുവന്ന വാട്സാപ്പ് ചാറ്റില്‍ കുട്ടിവേണമെന്ന് പറയുന്നതടക്കമുള്ള കാര്യങ്ങളാണുള്ളത്.
ആദ്യം പുറത്തുവന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയില്‍ വഴി പോലിസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. എന്നാല്‍, ഗര്‍ഭഛിദ്രം നടത്തേണ്ടിവന്ന യുവതി മൊഴി നല്‍കുകയൊ പരാതി നല്‍കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ യുവതിതന്നെ നേരിട്ട് പരാതി നല്‍കിയിരിക്കുകയാണ്.