രാഹുലിനെതിരായ പീഡനപരാതി; രഹസ്യമൊഴിയും ഓണ്‍ലൈനായി രേഖപ്പെടുത്തണമെന്ന് പരാതിക്കാരി

Update: 2026-01-16 11:57 GMT

പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസില്‍ നല്‍കേണ്ട രഹസ്യമൊഴിയും ഓണ്‍ലൈനായി മാത്രമേ നല്‍കാനാവൂയെന്ന് പരാതിക്കാരി. നിലവില്‍ വിദശത്താണ് താനുള്ളതെന്നും നാട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ കേസുമായി ബന്ധപ്പെട്ട രഹസ്യമൊഴി ഓണ്‍ലൈനായി തന്നെ രേഖപ്പെടുത്തണമെന്നുമാണ് ആവശ്യം. രാഹുലിനെതിരായ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് മൊഴി രേഖപ്പെടുത്തിയത് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആയിരുന്നു. അന്വേഷണസംഘമേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ഇന്ന് രാഹുലിന്റെ ജാമ്യഹര്‍ജിയില്‍ നടന്ന വാദത്തിനിടെ അതിജീവിതയുടെ മൊഴിയെടുത്തതിന്റെ വീഡിയോ, സിഡിയിലാക്കി കോടതിയില്‍ സമര്‍പ്പിച്ചു. ഐടി ആക്ട് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് സഹിതമായിരുന്നു തിരുവല്ല മജിസ്ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന്‍ ഇത് ഹാജരാക്കിയത്. ശനിയാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. പത്തനംതിട്ട സ്വദേശിയും വിവാഹിതയുമായ യുവതിയുടെ ലൈംഗിക ചൂഷണപരാതിയിലാണ് നിലവില്‍ രാഹുല്‍ റിമാന്‍ഡില്‍ കഴിയുന്നത്.