ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണെന്ന് വീഡിയോ; മാത്യുസാമുവലിന് എതിരെ പോലിസില്‍ പരാതി

Update: 2025-05-08 11:02 GMT

പാലക്കാട്: ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്ന് വീണെന്ന് വീഡിയോ ന്യൂസ് പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലിനെതിരെ പോലിസില്‍ പരാതി നല്‍കി. പാലക്കാട് അലനല്ലൂര്‍ സ്വദേശിയായ അഡ്വ. മുഹമ്മദ് സബീറാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

പരാതിയുടെ പൂര്‍ണരൂപം

''മേല്‍ പേര് വിവരം കാണിച്ച വ്യക്തി തന്റെ യൂട്യൂബ് ചാനലില്‍ 07.05.2025 തിയ്യതി ഇന്ത്യന്‍ സൈന്യത്തിന്റെ 'ഓപ്പറേഷന്‍ സിന്ധുര്‍ ' എന്ന അഭിമാനകരമായ സൈനിക നടപടിയെ സംബന്ധിച്ചും ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ പാകിസ്ഥാനിലും ഇന്ത്യയിലും ഉള്‍പ്പെടെ പൊട്ടിത്തെറിച്ചു എന്നും അടക്കം ഇന്ത്യന്‍ സൈന്യമോ മറ്റു അധികൃതരോ പരസ്യപ്പെടുത്താത്തതും അവാസ്തവമായതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വീഡിയോ ചെയ്തിട്ടുണ്ട്.

മുന്‍പ് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ഇട്ടതിന് കേസ് ഉണ്ടായിരുന്നതും കേരള ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച വ്യക്തിയുമാണ് മേല്‍ സൂചിപ്പിച്ച വീഡിയോ പോസ്റ്റ് ചെയ്ത ആള്‍. ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരാണ്. രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യപ്പെടുന്നതും രാജ്യത്തിന്റെ സൈനിക ശക്തിയെ അപഹാസ്യമാക്കുന്നതുമാണ്. ആകയാല്‍ മേപ്പടി മാത്യു സാമൂവല്‍ എന്നവര്‍ക്കെതിരെ യുക്തമായ നിയമ നടപടികള്‍ കൈകൊള്ളാന്‍ അപേക്ഷ

വീഡിയോ ലിങ്ക് ഇത് സഹിതം ചേര്‍ക്കുന്നു

https://youtu.be/dUJRziR8Es8?si=64KuM8HttL7QTW0I

എന്ന്

വിശ്വാസ പൂര്‍വ്വം

അഡ്വ. മുഹമ്മദ് സബീര്‍