മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന്; സിപിഎമ്മിനെതിരേ പരാതി
ബത്തേരി: തിരുനെല്ലി നെടുന്തന ഉന്നതിയില്‍ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം. സിപിഎം പ്രവര്‍ത്തകര്‍ മദ്യം നല്‍കാന്‍ ശ്രമിച്ചെന്നും അത് തടയാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷമുണ്ടായെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംഘര്‍ഷത്തിന് പിന്നാലെ മൂന്നു സിപിഎം പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും സിപിഎം നേതാക്കള്‍ മോചിപ്പിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തിരുനെല്ലി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്ഥലത്ത് ഏഴു മണിക്ക് ശേഷം എത്തരുതെന്നായിരുന്നു പോലിസ് നിര്‍ദേശം. എന്നാല്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ രാത്രി എത്തിയിരുന്നു. ഇവര്‍ക്കൊപ്പം സ്ഥാനാര്‍ഥിയുമുണ്ടായിരുന്നു. ഇത് യുഡിഎഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. നിലവില്‍ കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്.