തനിക്കെതിരായ പരാതിക്കാരി ഡബ്ല്യുസിസി മുന്‍ അംഗമെന്ന് പി ടി കുഞ്ഞുമുഹമ്മദ്
തിരുവനന്തപുരം: സംവിധായകയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ കോടതി ശനിയാഴ്ച വിധി പറയും. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിച്ചത്. സംഭവം നടന്നു എന്നു പറയുന്ന ദിവസം കഴിഞ്ഞി 21 ദിവസത്തിന് ശേഷമാണ് സംവിധായക പരാതി നല്‍കിയതെന്ന് പി ടി കുഞ്ഞുമുഹമ്മദ് വാദിച്ചു. അതും മുഖ്യമന്ത്രിക്ക് നേരിട്ടാണ് പരാതി നല്‍കിയത്. കേസ് ഫയല്‍ ചെയ്യുന്നതിന് മുമ്പ് ഗൂഡാലോചന നടന്നുവെന്ന് അത് തെളിയിക്കുന്നു. പരാതിക്കാരി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയുടെ അംഗമാണ്. മറ്റു അംഗങ്ങള്‍ കൂടിയുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് പരാതിയിലെ ആരോപണമെന്നും പി ടി കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടി. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് പോലിസ് വാദിച്ചു. കുടുംബവുമായി സംവിധായകക്ക് സംസാരിക്കണമായിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നത് കൊണ്ട് ഗൂഡാലോചന ആരോപിക്കാന്‍ സാധിക്കില്ലെന്നും പോലിസ് വാദിച്ചു. നവംബര്‍ 27നാണ് സംവിധായക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് ഡിസംബര്‍ എട്ടിന് കന്റോണ്‍മെന്റ് പോലിസ് കേസെടുത്തു. പരാതിക്കാരിയുടെ രഹസ്യമൊഴി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നേരത്തേ രേഖപ്പെടുത്തിയിരുന്നു.