അസമിലെ കൊക്രജാറില്‍ വര്‍ഗീയ സംഘര്‍ഷാവസ്ഥ; ബന്ദ് പ്രഖ്യാപിച്ച് വിഎച്ച്പി

Update: 2026-01-12 05:15 GMT

ഗുവാഹത്തി: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീ പീഡനത്തിനിരയായെന്ന പരാതിയെ തുടര്‍ന്ന് അസമിലെ കൊക്രജാറില്‍ വര്‍ഗീയ സംഘര്‍ഷാവസ്ഥ. കൊക്രജാറിലെ പതാര്‍ഘട്ട് പ്രദേശത്താണ് പ്രശ്‌നങ്ങള്‍. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീ പീഡനത്തിന് ഇരയായെന്ന പരാതി ശനിയാഴ്ചയാണ് രജിസ്റ്റര്‍ ചെയ്തത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ശനിയാഴ്ച രാത്രി തന്നെ കൊക്രജാറിലെ ഓള്‍ഡ് മോസ്‌കിന് നേരെ ആക്രമണം നടന്നു. വിദ്യാര്‍ഥികള്‍ സഞ്ചരിക്കുകയായിരുന്ന ഒരു ബസിന് നേരെയും ആക്രമണമുണ്ടായി. ഈ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹിന്ദുത്വ സംഘടനയായ വിഎച്ച്പി ഇന്ന് പ്രദേശത്ത് 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, പ്രദേശത്ത് പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി. നാലില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് കൂടുന്നതിന് ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പീഡനക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി റഫീഖുല്‍ ഇസ്‌ലാം എന്നയാളെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നതിനിടെ പോലിസ് വെടിവച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് വെടിവച്ചത്. കൊക്രജാര്‍ കോടതിയില്‍ ഹാജരാക്കാന്‍ പോവും വഴി മൂത്രമൊഴിക്കണമെന്ന് റഫീഖുല്‍ ഇസ്‌ലാം ആവശ്യപ്പെട്ടെന്ന് പോലിസ് പറയുന്നു. റാണി ഗുലിയ എന്ന സ്ഥലത്താണ് വണ്ടി നിര്‍ത്തിയത്. അപ്പോള്‍ പോലിസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ പ്രതി ശ്രമിച്ചുവത്രെ. ഇതിന് പിന്നാലെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ അരയിലാണ് വെടിയേറ്റിരിക്കുന്നത്.