വാണിജ്യ എല്‍പിജി പ്രതിസന്ധി അതിരൂക്ഷം; കൊച്ചിയില്‍ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി
കൊച്ചി: വാണിജ്യ ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ കൊച്ചിയില്‍ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി. ഗ്യാസ് സിലിണ്ടര്‍ സ്റ്റോക്ക് ഉണ്ടായിരുന്ന ഹോട്ടലുകളും പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ചില ഹോട്ടലുകള്‍ വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ഇന്ന് രണ്ടു ഹോട്ടലുകള്‍ വിറകടുപ്പ് ഉപയോഗിച്ച് തുറക്കുമെന്നാണ് വിവരം. ഹോട്ടലുകള്‍ പൂര്‍ണമായും പൂട്ടുന്നതോടെ സംസ്ഥാനത്ത് ഭക്ഷണ ലഭ്യത കുറയും. യാത്രക്കാരേയും തൊഴിലാളികളേയുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.
കൊച്ചി ഉദയംപേരൂരിലുള്ള പ്ലാന്റില്‍ നിന്നാണ് സിലിണ്ടര്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടര്‍ വിതരണം ചെയ്തിരുന്നുവെങ്കിലും അതും ഏറെക്കുറെ നിലച്ചു. സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല.
അതേസമയം, സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ നടപടികളുമായി കേന്ദ്രം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ വ്യാപക പരിശോധന നടത്തിവരികയാണ്. അതിനിടെ, ഇന്ധന നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും രംഗത്തെത്തി. കേന്ദ്രത്തോട് ഇളവ് തേടിയതായാണ് സൂചന. അതിനിടെ, പഞ്ചാബില്‍ പാചകവാതക സിലിണ്ടറിനായി ക്യൂ നില്‍ക്കുന്നതിനിടെ 60 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്‍ണാല ജില്ലയില്‍ ഇന്നലെയാണ് സംഭവം. സിലിണ്ടറിനായി മണിക്കൂറുകളോളം കാത്ത് നിന്ന ഭൂഷണ്‍ കുമാര്‍ എന്നയാളാണ് വരിയില്‍ കുഴഞ്ഞു വീണത്.
