ന്യൂയോര്‍ക്ക്: ഇസ്രായേലിന്റെ വംശഹത്യക്കിരയാവുന്ന ഗസയെ പ്രതിരോധിക്കാന്‍ ആഗോള സൈന്യം വേണമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. വംശഹത്യയെ അനുകൂലിക്കാത്ത രാജ്യങ്ങള്‍ ചേര്‍ന്നാണ് ഈ സൈന്യം രൂപീകരിക്കേണ്ടത്. അത്തരം രാജ്യങ്ങളും സൈനികരെയും ആയുധങ്ങളെയും കൊണ്ടുവരണം. അങ്ങനെ ഫലസ്തീനെ വിമോചിപ്പിക്കണം. യുഎസും നാറ്റോയും നടപ്പാക്കുന്ന ആഗോള ഏകാധിപത്യം ഇല്ലാതാക്കാനും ആഗോളസൈന്യം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസയില്‍ മാത്രമല്ല അവര്‍ ബോംബിടുന്നത്. കരീബിയനില്‍ യുഎസ് സൈന്യം ബോംബിടാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസയില്‍ വിന്യസിക്കാന്‍ 20,000 സൈനികരെ നല്‍കാന്‍ തയ്യാറാണെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും പറഞ്ഞു. ഇസ്രായിലേ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വംശഹത്യക്ക് വിചാരണ ചെയ്യണമെന്ന് ചിലിയന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ആവശ്യപ്പെട്ടു. ''ഒരു മിസൈല്‍ വീണ് നെതന്യാഹുവും കുടുംബവും മരിക്കുന്നത് കാണാന്‍ താല്‍പര്യമില്ല. ഗസയിലെ വംശഹത്യക്ക് ഉത്തരവാദികളായ നെതന്യാഹു അടക്കമുള്ളവരെ വിചാരണ ചെയ്ത് ശിക്ഷിക്കാനാണ് താല്‍പര്യം''- ഗബ്രിയേല്‍ ബോറിക് പറഞ്ഞു.