പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ എബിവിപി നേതാക്കള്‍ അറസ്റ്റില്‍
ഭോപ്പാല്‍: പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ എബിവിപി നേതാക്കള്‍ അറസ്റ്റില്‍. മന്ദസോര്‍ ജില്ലയിലെ ഭാന്‍പുര സര്‍ക്കാര്‍ കോളജില്‍ യൂത്ത്‌ഫെസ്റ്റിവലിന് എത്തിയ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ വെന്റിലേറ്ററിലൂടെ പകര്‍ത്തിയവരാണ് അറസ്റ്റിലായത്. എബിവിപി സിറ്റി സെക്രട്ടറി ഉമേഷ് ജോഷി (22), സിറ്റി കോ കണ്‍വീനര്‍ അജയ് ഗൗഡ്(21), കോ കോളജ് മേധാവി ഹിമാന്‍ഷു ബൈരാഗി(20) എന്നിവരാണ് പിടിയിലായത്. ഒരാള്‍ ഒളിവിലാണ്. വീഡിയോ പകര്‍ത്തിയെന്ന് സംശയിച്ച പെണ്‍കുട്ടികള്‍ ആക്ടിങ് പ്രിന്‍സിപ്പല്‍ ഡോ. പ്രീതി പഞ്ചോലിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികളെ ഗരോത് സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയാല്‍ പെണ്‍കുട്ടികളുടെ ജീവിതത്തെ ബാധിക്കുമെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെട്ടു. സംഭവത്തില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുഐ പ്രതിഷേധിച്ചു. പവിത്രമായ വിദ്യാലയത്തില്‍ എബിവിപിക്കാര്‍ നടത്തിയ പ്രവൃത്തി അപലപനീയമാണെന്ന് ജില്ലാ പ്രസിഡന്റ് റിതിക് പട്ടേല്‍ പറഞ്ഞു.