മൂര്‍ഖനെ കഴുത്തിലിട്ടു പോവുകയായിരുന്ന യുവാവ് പാമ്പുകടിയേറ്റു മരിച്ചു

Update: 2025-07-16 15:13 GMT

ഭോപ്പാല്‍: മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ പാമ്പുപിടുത്തക്കാരന്‍ അതേ പാമ്പിന്റെ കടിയേറ്റു മരിച്ചു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ദീപക് മഹാവീറാ(35)ണ് മരിച്ചത്. പിടിച്ച പാമ്പിനെ കഴുത്തിലിട്ടാണ് ഇയാള്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. കടി കിട്ടിയ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജെപി കോളജിലെ അധ്യാപകനായ ദീപക് സ്വന്തമായാണ് പാമ്പുപിടുത്തം പരിശീലിച്ചിരുന്നത്. ഭര്‍ബാത്പുര ഗ്രാമത്തില്‍ നിന്നും പിടിച്ച മൂര്‍ഖനെ ചില്ലു കൂട്ടില്‍ അടച്ചിരുന്നു. പാമ്പിനെ വനത്തില്‍ വിടാനായിരുന്നു പദ്ധതി. ആ സമയത്താണ് മകന്റെ സ്‌കൂളില്‍ നിന്നും ഫോണ്‍ വന്നത്. സ്‌കൂള്‍ നേരത്തെ വിട്ടെന്നും വേഗം സ്‌കൂളില്‍ എത്താനുമായിരുന്നു നിര്‍ദേശം. ഇതോടെ ചില്ലുകുപ്പിയില്‍ നിന്ന് പാമ്പിനെ എടുത്ത് കഴുത്തിലിട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്നു. പോവും വഴി കൈയ്യിലാണ് പാമ്പ് കടിച്ചത്. തുടര്‍ന്ന് ഗുണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഭേദമായെന്ന തോന്നലില്‍ രാത്രി ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും രാത്രി മരിക്കുകയായിരുന്നു. പാമ്പിനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാത്തതാണ് ദുരന്തത്തിന് കാരണമെന്ന് ഗുണ ഡിഎഫ്ഒ അക്ഷയ് റാത്തോഡ് പറഞ്ഞു.