'ഇത് സാമ്പിള്‍', പിഷാരടിയെ തടഞ്ഞതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Update: 2026-04-02 10:31 GMT

കോഴിക്കോട്: പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിയെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി മറ്റു പലയിടത്തും കാണിച്ചതിന്റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ബിജെപിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. പിഷാരടിയെ തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു. സംഭവത്തെ സിപിഎം ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ സ്വന്തം സ്ഥാനാര്‍ത്ഥി തെരുവില്‍ തടയപ്പെട്ടിട്ടും ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട് ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.