'പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടി, പക്ഷേ പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍': മുഖ്യമന്ത്രി

Update: 2026-01-01 13:27 GMT

തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ എന്ന് പാടി നടന്ന പ്രതിപക്ഷം പോറ്റി ആദ്യം സോണിയാ ഗാന്ധിയുടെ വീട്ടില്‍ കയറിയതില്‍ നിലപാട് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയാ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന് നേരെ നിരവധി ചോദ്യങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടിയെങ്കിലും ആദ്യം പോറ്റിയെ കേറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെ പോറ്റിയും മറ്റ് പ്രതികളും എംപിമാരും ഒരുമിച്ച് വന്നത്. പോറ്റി വിളിച്ചാല്‍ പോകേണ്ടയാളാണോ ഇവര്‍. അന്വേഷണം കൃത്യമായി നടക്കട്ടെ. സോണിയ ഗാന്ധിയും അടൂര്‍ പ്രകാശും ഉള്ള ചിത്രമാണ് പുറത്തുവന്നത്. സോണിയ ഗാന്ധിയുടെ കൂടെ നിന്നത് പോറ്റിയും സ്വര്‍ണ വ്യാപാരിയുമാണ്. രണ്ടുപേരും എങ്ങനെ ഒരുമിച്ചു വന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

പോറ്റി പിടിച്ചാല്‍ പോകേണ്ട ആളാണോ അദ്ദേഹം. അതിനല്ലേ മറുപടി പറയേണ്ടത്. എങ്ങനെയാണ് ഈ മഹാ തട്ടിപ്പുകാര്‍ക്ക് സോണിയ ഗാന്ധിയുടെ അടുത്തേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞത്. അതിന് ഇവരുടെ പങ്ക് എന്താണ്?. ഒന്നും പറയാനില്ലാത്തപ്പോള്‍ കൊഞ്ഞനം കുത്തുന്ന പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതില്‍ വിവാദമാക്കേണ്ട യാതൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് എസ്ഐടി ചില ഇടപെടല്‍ നടത്തുന്നതെന്നും അന്വേഷണത്തിന്റെ ഭാഗമായ ഇത്തരം നീക്കങ്ങളെ സര്‍ക്കാര്‍ തടസ്സപ്പെടുത്താനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയ നിലപാട് ശരിയെന്ന് പിണറായി വിജയന്‍ ഇന്നും ആവര്‍ത്തിച്ചു. കാറില്‍ കയറ്റിയത് ശരിയായ നിലപാട് തന്നെയാണ്. ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.