വയനാടിന്റെ കാര്യത്തില്‍ ലോകത്തെ തെറ്റിധരിപ്പിക്കാന്‍ അമിത് ഷാ ശ്രമിക്കുന്നു: മുഖ്യമന്ത്രി (VIDEO)

രേഖാമൂലം ആവശ്യപ്പെടാതെ തന്നെ മറ്റു പല സംസ്ഥാനങ്ങള്‍ക്കും സഹായം നല്‍കിയിട്ടുണ്ട്.

Update: 2024-12-09 12:46 GMT

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ സഹായിക്കാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് അമിത്ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ മുണ്ടക്കൈയിലൂം ചൂരല്‍മലയിലും ഉണ്ടായ ദുരന്തം വിവാദമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് ഖേദകരമാണ്. വിശദമായ റിപോര്‍ട്ട് കേരളം നല്‍കാത്തതുകൊണ്ടാണ് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്നാണ് അമിത് ഷാ പറഞ്ഞത്. ഇതു വസ്തുതാവിരുദ്ധമാണ്.

''വയനാട് വിഷയത്തില്‍ ആദ്യമായല്ല ആഭ്യന്തരമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ റിപോര്‍ട്ട് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ മുന്‍പ് അദ്ദേഹം ശ്രമിച്ചു. കേന്ദ്രം കൃത്യമായ മുന്നറിയിപ്പു നല്‍കിയിട്ടും കേരളം എന്താണു ചെയ്തത് എന്നാണ് അദ്ദേഹം പാര്‍ലമെന്റില്‍ ചോദിച്ചത്. അങ്ങനെ ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല എന്ന് തെളിവു സഹിതം വ്യക്തമാക്കപ്പെട്ടു. അതിന്റെ ആവര്‍ത്തനമായി വേണം കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും കാണാന്‍.

ജൂലൈ 30 പുലര്‍ച്ചെയാണ് ദുരന്തം സംഭവിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു അത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേന്ദ്ര സംഘം ഇവിടെയെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 10നാണ് ദുരന്തമേഖലയില്‍ എത്തിയത്. കേന്ദ്രസംഘത്തിനു മുന്നിലും പ്രധാനമന്ത്രിക്കു മുന്നിലും കേരളത്തിന്റെ ആവശ്യം അറിയിച്ചിരുന്നു. ആഗസ്റ്റ് 17ന് കേരളം കേന്ദ്രത്തിനു നിവേദനം നല്‍കി. 1,202 കോടി രൂപയുടെ പ്രാഥമിക സഹായം ആണ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് 100 ദിവസമായി. മെമ്മോറാണ്ടം നല്‍കിയിട്ട് മൂന്നു മാസവും കഴിഞ്ഞു. കേന്ദ്രസംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയില്‍ രേഖാമൂലം ആവശ്യപ്പെടാതെ തന്നെ മറ്റു പല സംസ്ഥാനങ്ങള്‍ക്കും സഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായം ആയി ഒരു രൂപ പോലും കേരളത്തിനു നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Full View