സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ ലൗഡ്‌സ്പീക്കറുകള്‍ പോലിസ് പിടിച്ചെടുത്തു; മസ്ജിദിന് മുകളില്‍ കയറി ബാങ്ക് വിളിച്ച് ഇമാം (video)

Update: 2025-02-23 14:18 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ പുരാതനമായ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ ലൗഡ്‌സ്പീക്കറുകള്‍ പോലിസ് പിടിച്ചെടുത്തു. ശബ്ദമലിനീകരണം ഉണ്ടാക്കിയെന്നാരോപിച്ചാണ് പോലിസ് അതിക്രമം. തുടര്‍ന്ന് ഇമാം ഹാജി റഈസ് മസ്ജിദിന് മുകളില്‍ കയറി മിനാരത്തിന് സമീപം നിന്ന് ബാങ്ക് വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

പൊതുസ്ഥലങ്ങളില ഉച്ചഭാഷിണികള്‍ നിയന്ത്രിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദിലെ ലൗഡ്‌സ്പീക്കറുകള്‍ പിടിച്ചെടുത്തതെന്ന് സംഭല്‍ എസ്പി കൃഷന്‍ കുമാര്‍ ബിഷ്‌ണോയ് മാധ്യമങ്ങളോട് പറഞ്ഞു. '' പള്ളിയുടെ മുകളില്‍ നിന്ന് പ്രാര്‍ത്ഥനക്ക് വിളിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല. ആര്‍ക്കും വേണമെങ്കിലും കെട്ടിടത്തിന്റെ മുകളില്‍ നില്‍ക്കാം.''-എസ്പി പറഞ്ഞു. ബോര്‍ഡ് പരീക്ഷകള്‍ നടക്കുന്നതിനാലാണ് മസ്ജിദിലെ ലൗഡ്‌സ്പീക്കറുകള്‍ പിടിച്ചെടുത്തതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദര്‍ പെന്‍സിയ പറഞ്ഞു.

ശബ്ദമലിനീകരണം ഉണ്ടാക്കിയെന്ന് ആരോപിച്ച് സംഭലിലെ മറ്റു രണ്ടു പള്ളികളിലെ ഇമാമുമാര്‍ക്കെതിരെ 2025 ജനുവരി 23ന് പോലിസ് കേസെടുത്തിരുന്നു. ബഹ്‌ജോയ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പള്ളിയിലെ ഇമാമായ രെഹാന്‍ ഹുസൈന്‍, ഹയാത്ത് നഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പള്ളിയിലെ ഇമാമായ ആലെ നബി എന്നിവര്‍ക്കെതിരെയാണ് അന്ന് കേസെടുത്തത്. പ്രദേശത്ത് പട്രോളിങ് നടത്തുമ്പോള്‍ അമിത ശബ്ദത്തില്‍ ബാങ്ക് വിളിക്കുന്നത് കേട്ടുവെന്ന് ആരോപിച്ച് പോലിസാണ് സ്വമേധയാ കേസെടുത്തത്. അതിലും മുമ്പ് മറ്റൊരു ഇമാമിനെതിരെ കേസെടുക്കുകയും രണ്ടു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.

മുഗള്‍കാലത്ത് നിര്‍മിച്ച സംഭല്‍ ശാഹി ജാമിഅ് മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയില്‍ സിവില്‍കോടതി സര്‍വേക്ക് ഉത്തരവിട്ടത് വന്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു. 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ച് സര്‍വേ സംഘം സ്ഥലത്തെത്തിയതാണ് വിവാദത്തിന് കാരണമായത്. തുടര്‍ന്ന് നവംബര്‍ 24ന് ആറ് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നു. സംഭല്‍ സംഘര്‍ഷത്തിന് വിദേശബന്ധമുണ്ടെന്ന് വരെ പോലിസ് കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. സര്‍വേക്ക് ശേഷം പ്രദേശത്ത് മുസ്‌ലിംകള്‍ക്കെതിരെ ഭരണകൂട ഭീകരത തുടരുകയാണ്. സംഘര്‍ഷകാലത്ത് നാടുവിട്ട ആയിരത്തോളം മുസ്‌ലിം കുടുംബങ്ങള്‍ ഇതുവരെ തിരികെ എത്തിയിട്ടുമില്ല. ഇതിന് പുറമെ പ്രദേശത്ത് നിലവിലുള്ള ഹിന്ദുക്ഷേത്രങ്ങള്‍ പുതുതായി കണ്ടെത്തിയെന്ന പ്രചാരണവും നടത്തുന്നുണ്ട്. സംഭലിനെ ഹിന്ദു പുണ്യനഗരമായി പ്രഖ്യാപിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.