ബശ്ശാറുല്‍ അസദിന്റെ നാട്ടില്‍ ഏറ്റുമുട്ടല്‍; ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആക്രമണം നടത്തി ഇടക്കാല സര്‍ക്കാര്‍ (videos)
ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റായിരുന്ന ബശ്ശാറുല്‍ അസദിന്റെ നാടായ ലദാക്കിയയില്‍ വ്യോമാക്രമണം നടത്തി ഇടക്കാല സര്‍ക്കാര്‍. ലദാക്കിയയിലെ ബെയ്ത്ത് അന പ്രദേശത്ത് ഇടക്കാല സര്‍ക്കാരിന്റെ സൈനികര്‍ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് പ്രദേശത്ത് ആക്രമണം നടത്തിയത്.
സിറിയയിലെ അലവി ന്യൂനപക്ഷങ്ങളുടെ കേന്ദ്രമാണ് ലദാക്കിയ. ഈ വിഭാഗത്തില്‍ നിന്നുള്ള ബശ്ശാറുല്‍ അസദിന് പ്രദേശവാസികള്‍ വലിയ പിന്തുണയും നല്‍കിയിരുന്നു. അസദിന്റെ കാലത്ത് സിറിയന്‍ സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സിനെ നയിച്ചിരുന്ന കടുവ എന്നറിയപ്പെടുന്ന സുഹൈല്‍ അല്‍ ഹസനും സംഘവും ഇതുവരെയും കീഴടങ്ങിയിട്ടില്ല.
സുഹൈലും അസദും
മാത്രമല്ല, വനത്തില്‍ ഇരുന്ന് ഇടക്കാല സര്‍ക്കാരിനെതിരെ ഗറില്ലാ യുദ്ധം നയിക്കുകയാണ്.
സുഹൈലും സംഘവും ഒളിവിലിക്കുന്നുവെന്ന് കരുതപ്പെടുന്ന ബെയ്ത്ത് അനയിലും സമീപത്തെ കാടുകളിലുമാണ് വ്യോമാക്രമണം നടന്നതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. സമീപത്തെ ഗ്രാമങ്ങളില്‍ ഷെല്ലിങുമുണ്ടായി. ബെയ്ത്ത് അന, അല്‍ ദാലിയ എന്നീ പ്രദേശങ്ങളെ ഉപരോധിക്കാനായി കൂടുതല്‍ സൈനികര്‍ ദമസ്‌കസില്‍ നിന്നെത്തിയിട്ടുണ്ട്.
സിറിയന്‍ സൈന്യത്തിന്റെ ആക്രമണസമയത്ത് ഏതാനും യുദ്ധവിമാനങ്ങള്‍ ആകാശത്ത് പറന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. റഷ്യന്‍ സൈന്യത്തിന്റെ വിമാനങ്ങളാണ് ഇവയെന്നാണ് റിപോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്.
വ്യോമാക്രമണത്തിനെതിരെ സമാധാനപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ സുപ്രിം അലവി ഇസ്‌ലാമിക് കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ''അസദ് അധികാരത്തില്‍ നിന്ന് പുറത്തായ ശേഷം ഞങ്ങള്‍ ആത്മനിയന്ത്രണം പാലിച്ചു. അത് ഭയം കൊണ്ടായിരുന്നില്ല. മറിച്ച് സിറിയ ഐക്യപ്പെടണമെന്നും സമാധാനം വേണമെന്നുമുള്ള ആഗ്രഹം കൊണ്ടായിരുന്നു. ഇടക്കാല സര്‍ക്കാരിന് വേണ്ട വ്യക്തികളുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. റെയ്ഡുകള്‍ നടത്തുമ്പോള്‍ സമുദായ നേതാക്കളുടെ സാന്നിധ്യം വേണമെന്നും പറഞ്ഞു. എന്നാല്‍ ഇതെല്ലാം ഇടക്കാല സര്‍ക്കാര്‍ തള്ളി.''-പ്രസ്താവന പറയുന്നു.

