മധ്യപ്രദേശ്, ഛത്തീസ്ഗഡ്, അസം, ഡല്‍ഹി..... ക്രിസ്തുമസ് ആഘോഷങ്ങള്‍ തടസപ്പെടുത്തി ഹിന്ദുത്വര്‍

Update: 2025-12-25 14:30 GMT

ന്യൂഡല്‍ഹി: അസമിലെ നല്‍ബാരിയില്‍ ക്രിസ്ത്യന്‍ സഭ നടത്തുന്ന സ്‌കൂളില്‍ അതിക്രമിച്ചു കയറിയ ഹിന്ദുത്വ സംഘം ക്രിസ്തുമസ് അലങ്കാരങ്ങള്‍ നശിപ്പിച്ചു. നല്‍ബാരിയില്‍ ക്രിസ്തുമസ് അലങ്കാര വസ്തുക്കള്‍ വില്‍ക്കുന്ന കടയും തകര്‍ത്തു. സംഭവത്തില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും പരാതി ലഭിച്ചതായി നല്‍ബാരി എസ്എസ്പി ബിബേകാനന്ദ ദാസ് പറഞ്ഞു.

ഛത്തീസ്ഗഡിലെ റായ്പൂരിലെ മാഗ്നെറ്റോ ഹാളില്‍ അതിക്രമിച്ചു കയറിയ ഹിന്ദുത്വ സംഘം ക്രിസ്തുമസ് അലങ്കാര വസ്തുക്കള്‍ തകര്‍ത്തു. സാന്താ ക്ലോസിന്റെ പ്രതിമയും അവര്‍ തകര്‍ത്തു. ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ മതം മാറ്റുകയാണെന്ന് ആരോപിച്ച് ഇന്നലെ നടത്തിയ ഛത്തീസ്ഗഡ് ബന്ദിന്റെ ഭാഗമായി എത്തിയവരാണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ അക്രമികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് റായ്പൂര്‍ എസ്എസ്പി ലാല്‍ ഉമേദ് സിങ് പറഞ്ഞു.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ബിജെപി നേതാവ് അഞ്ചു ഭാര്‍ഗവ കാഴ്ചാപരിമിതിയുള്ള സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ഭാര്‍ഗവയ്ക്ക് നോട്ടിസ് നല്‍കിയതായി പോലിസ് പറഞ്ഞു.

സ്‌കൂളുകളില്‍ കുട്ടികളെ കൊണ്ട് സാന്താക്ലോസ് വേഷം കെട്ടിക്കരുതെന്ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയിലെ അധികൃതര്‍ ഉത്തരവിറക്കി. ശ്രീ ഗംഗാനഗര്‍ സനാതന ഭൂരിപക്ഷമുള്ള പ്രദേശമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ജില്ലയില്‍ ക്രിസ്ത്യാനികള്‍ ഇല്ലെന്നും അധികൃതര്‍ വാദിക്കുന്നു.

ഡല്‍ഹിയില്‍ സാന്താക്ലോസ് തൊപ്പി ധരിച്ചവരെ ഹിന്ദുത്വര്‍ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഡല്‍ഹിയിലെ ലജ്പത് നഗറിലാണ് ബജ്‌റങ് ദളുകാര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് സൗത്ത് ഈസ്റ്റ് ഡിസിപി ഹേമന്ദ് തിവാരി അഭിപ്രായപ്പെട്ടത്.