മരണ ശേഷവും വിവേചനം നേരിട്ട് ഒഡീഷയിലെ നബരംഗ്പൂരിലെ ക്രിസ്ത്യാനികള്‍

Update: 2025-05-19 00:45 GMT

ന്യൂഡല്‍ഹി: ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയില്‍ ക്രിസ്ത്യാനികളായ ആദിവാസികളുടെ മൃതദേഹങ്ങള്‍ അന്തസോടെ മറവ് ചെയ്യുന്നതിന് തടസം നേരിടുന്നതായി വസ്തുതാന്വേഷണ റിപോര്‍ട്ട്. മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതിരിക്കല്‍, മൃതദേഹത്തെ അപമാനിക്കല്‍, മൃതദേഹം മറവ് ചെയ്ത സ്ഥലം നശിപ്പിക്കല്‍, മൃതദേഹത്തെ മതം മാറ്റല്‍ തുടങ്ങി ഏഴോളം ഗുരുതരമായ സംഭവങ്ങള്‍ ജില്ലയില്‍ നടന്നതായി ഒഡീഷ ലോയേഴ്‌സ് ഫോറത്തിലെ അംഗങ്ങളും പ്രാദേശിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന വസ്തുതാന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് പറയുന്നു. 2025 ഏപ്രില്‍ 26 മുതല്‍ 27 വരെ നബരംഗ്പൂര്‍ സന്ദര്‍ശിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മാനസ് ജെന, അജയ കുമാര്‍ സിങ്, അഭിഭാഷകരായ സെബതി സോറന്‍, സുജാത ജെന, ഡി കുലകാന്ത് തുടങ്ങിയവരാണ് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വസ്തുതാന്വേഷണ സംഘം രേഖപ്പെടുത്തിയ ചില കേസുകള്‍

1) മൃതദേഹം കുഴിയില്‍ നിന്നും പുറത്തെടുത്ത് കൊണ്ടുപോയി

മഹാരാഷ്ട്രയില്‍ ജോലി ചെയ്യുന്നതിനിടെ മരിച്ച ക്രിസ്ത്യന്‍ വിശ്വാസമുള്ള ആദിവാസി സരവന്‍ ഗോണ്ടി(20)നെ സ്വന്തം ഗ്രാമത്തിലാണ് സംസ്‌കരിച്ചത്. പക്ഷേ, ക്രിസ്ത്യന്‍ വിശ്വാസങ്ങളെ എതിര്‍ക്കുന്ന ഒരു സംഘം മൃതദേഹം കുഴിയില്‍ നിന്നും പുറത്തെടുത്ത് കൊണ്ടുപോയി.

2) മതം മാറ്റം

സിയുനഗുഡ ഗ്രാമത്തിലെ കേശവ് ശാന്ത (85) 2025 മാര്‍ച്ച് രണ്ടിനാണ് മരിച്ചത്. ക്രിസ്ത്യന്‍ വിശ്വാസപ്രകാരം സംസ്‌കാരം പാടില്ലെന്നാണ് ചില ഗ്രാമീണര്‍ ആവശ്യപ്പെട്ടത്. കേശവിന്റെ മകന്‍ തിര്‍പു ശാന്തയെ കൊണ്ട് അവര്‍ ഹിന്ദുവാണെന്ന രേഖയില്‍ ഒപ്പിടീച്ചു. നേരത്തെ തിര്‍പുവിന്റെ മകള്‍ മരിച്ചപ്പോഴും ബന്ധു മരിച്ചപ്പോഴും സമാനമായ രീതിയില്‍ ചിലര്‍ ഇടപെട്ടിരുന്നു.

3) വനത്തില്‍ സംസ്‌കരിച്ചു

പോണ്ടിക്കോട്ടെ ഗ്രാമത്തിലെ ദോമു ജാനി(60) മരിച്ചപ്പോള്‍ ക്രിസ്ത്യന്‍ വിശ്വാസപ്രകാരം മൃതദേഹം സംസ്‌കരിക്കുന്നതിനെ ചിലര്‍ എതിര്‍ത്തു. ദോമുവിന്റെ ഭാര്യ ശാന്തി ഘര്‍വാപ്പസി ചെയ്യാന്‍ വിസമ്മതിച്ചതാണ് കാരണം. മൃതദേഹം മൂന്നു കിലോമീറ്റര്‍ ചുമന്നു കൊണ്ടുപോയി വനത്തിലാണ് സംസ്‌കരിച്ചത്. ഈ ഗ്രാമത്തില്‍ 40 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മാത്രമാണുള്ളത്.

4) മരണശേഷം മതം മാറ്റി

സുരുഗുഡ ഗ്രാമത്തിലെ ചന്ദ്ര ഹരിജന്‍(73) എന്നയാളെ മരണശേഷം മതം മാറ്റി. അതിന് ശേഷം മാത്രമാണ് സംസ്‌കരിക്കാന്‍ അനുവദിച്ചുള്ളൂ. സമ്മര്‍ദ്ദം മൂലം ചന്ദ്രയുടെ ഭാര്യ ജമുന ഇതിന് സമ്മതിച്ചു. സ്വകാര്യമായി ജമുന ക്രിസ്തു മതമാണ് പിന്തുടരുന്നത്.

5) മെഞ്ചാര്‍ ഗ്രാമത്തിലെ മധു ഹരിജന്റെ (27) മൃതദേഹം ശവപ്പെട്ടിയില്‍ കൊണ്ടുവന്നതില്‍ ചിലര്‍ പ്രതിഷേധിച്ചു. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ സംസ്‌കരിക്കാന്‍ പ്രയാസമായി. അതിനാല്‍ മധുവിനെ മരണാനന്തരം മതം മാറ്റിയാണ് സംസ്‌കരിച്ചത്.

ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക ശ്മശാനം വേണമെന്ന ആവശ്യം അധികൃതര്‍ ഇതുവരെ ചെവിക്കൊണ്ടിട്ടില്ലെന്ന് നബരംഗ്പൂരിലെ ക്രിസ്ത്യന്‍ സമൂഹം പറയുന്നു. മുമ്പ് ഒരു ഘട്ടത്തില്‍ ഭൂമി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കിലും ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിലപാട് മാറ്റി.

ജീവിക്കാനുള്ള അവകാശം, മതസ്വാതന്ത്ര്യം, തൊട്ടുകൂടായ്മയ്ക്കും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനും എതിരായ സംരക്ഷണം എന്നിവ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 21, 25, 17 അനുഛേദങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നത്.

ഭരണകൂടത്തിന്റെ നിസംഗതയും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പോലുള്ള ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദവുമാണ് ഇതിനെല്ലാം കാരണമെന്ന് വസ്തുതാന്വേഷണ റിപോര്‍ട്ട് നിരീക്ഷിക്കുന്നു. വിഎച്ച്പിയുടെ 'ജാഗോ ഔര്‍ ജഗാവോ' എന്ന പ്രചാരണം ക്രിസ്ത്യന്‍ സംസ്‌കാരങ്ങള്‍ തടയാന്‍ ഗ്രാമീണരെ പ്രേരിപ്പിക്കുന്നു. മതം മാറിയവരുടെ സംസ്‌കാരങ്ങള്‍ തടയാന്‍ ഗ്രാമീണര്‍ക്ക് അവകാശമുണ്ടെന്നാണ് ഇത്തരം സംഘടനകളുടെ നേതാക്കള്‍ പ്രചരിപ്പിക്കുന്നത്.

ശവക്കുഴി കുത്തുന്നവരെ കൊല്ലണം എന്നാണ് ഒരു ബിജെപി നേതാവ് പ്രസംഗിച്ചതെന്ന് ഒരു ക്രിസ്ത്യന്‍ സമുദായ നേതാവ് വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞു. ഒരു സംസ്‌കാര ചടങ്ങ് തടയുമ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജില്ലയില്‍ വെറും 2.63 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. എന്നിട്ടും അവരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ലക്ഷ്യം വക്കുകയും മതപരവും സാംസ്‌കാരികവുമായ സ്വത്വത്തിന് ഭീഷണിയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു.