വഖ്ഫ് നിയമഭേദഗതിയില്‍ മെത്രാന്‍ സമിതി മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് ക്രിസ്ത്യന്‍ എംപിമാര്‍

വഖ്ഫ് സ്വത്തുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രദേശത്ത് തര്‍ക്കമുണ്ടെങ്കിലും വഖ്ഫ് നിയമഭേദഗതിയെ എതിര്‍ക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

Update: 2024-12-08 02:48 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമഭേദഗതിയില്‍ മെത്രാന്‍ സമിതി മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് ക്രിസ്ത്യന്‍ എംപിമാര്‍. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ഡിസംബര്‍ മൂന്നിന് വിളിച്ചു ചേര്‍ത്ത ക്രിസ്ത്യന്‍ എംപിമാരുടെ യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍, കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, സിപിഎം എംപിയായ ജോണ്‍ ബ്രിട്ടാസ്, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് പാര്‍ടി എംപി റിച്ചാര്‍ഡ് തുടങ്ങി 20 പേരാണ് യോഗത്തില്‍ പങ്കെടുത്തത്.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജോര്‍ജ് കുര്യന്‍ അജണ്ഡകള്‍ തീര്‍ന്ന ശേഷം യോഗത്തിന് എത്തി. ബിജെപിയിലെ രണ്ട് ക്രിസ്ത്യന്‍ എംപിമാര്‍ പങ്കെടുത്തില്ല. സിബിസിഐ പ്രസിഡന്റ് ആര്‍ക്ക് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് യോഗത്തിന് നേതൃത്വം നല്‍കിയത്. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും കന്യാസ്ത്രീകള്‍ക്കും സുവിശേഷ പ്രചാരകര്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍, മണിപ്പൂര്‍ സംഘര്‍ഷം, വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങളുടെ ദുരുപയോഗം, പരിവര്‍ത്തിത ക്രിസ്ത്യാനികളുടെ സംവരണ പ്രശ്‌നം എന്നിവ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരുന്നത്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന മുസ്‌ലിം വിരുദ്ധത തടയണമെന്ന് എംപിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. സിബിസിഐ ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണം. വഖ്ഫ് നിയമഭേദഗതി ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളെ ബാധിക്കുന്ന കാര്യമായതിനാല്‍ ക്രിസ്ത്യാനികള്‍ തത്വാധിഷ്ഠിതമായ നിലപാട് സ്വീകരിക്കണം. വഖ്ഫ് സ്വത്തുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രദേശത്ത് തര്‍ക്കമുണ്ടെങ്കിലും വഖ്ഫ് നിയമഭേദഗതിയെ എതിര്‍ക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

നെഗറ്റീവ് വാര്‍ത്തകളോട് പ്രതികരിക്കുന്നതിന് പുറമെ ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ സിബിസിഐ കാര്യമായി ഇടപെടണമെന്നും എംപിമാര്‍ ആവശ്യമുന്നയിച്ചു. 2014 മുതല്‍ കേന്ദ്രസര്‍ക്കാരിനോട് സ്വീകരിച്ച നിലപാടുകളെ ചില എംപിമാര്‍ ചോദ്യം ചെയ്തതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഇടപാടുകളാണ് നടക്കുന്നതെന്നും ഫോട്ടോ ഷൂട്ടുകള്‍ അവസാനിപ്പിക്കണമെന്നും ഒരു എംപി ആവശ്യപ്പെട്ടു. ഭരണഘടനയെ സംരക്ഷിക്കാത്തവരെ തുറന്നു കാട്ടുകയാണ് സഭകള്‍ ചെയ്യേണ്ടതെന്ന് ഒരു എംപി പറഞ്ഞു. ലോക്‌സഭയിലും പത്ത് നിയമസഭയിലും ആംഗ്ലോ ഇന്ത്യന്‍ വംശജര്‍ക്കുള്ള സംവരണ സീറ്റുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ കേരളത്തില്‍ നിന്നുള്ള ഒരു എംപി വിമര്‍ശിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു യോഗം സിബിസിഐ വിളിച്ചു ചേര്‍ത്തിരിക്കുന്നത്. രാജ്യത്ത് ക്രിസ്ത്യാനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ക്രിസ്മസിന്റെ പശ്ചാത്തലത്തില്‍ അനൗപചാരിക യോഗം വിളിച്ചു ചേര്‍ത്തതെന്ന് സിബിസിഐ അറിയിച്ചു.

Tags: