ചുണ്ടില്‍ സ്റ്റഡ് ഇടാന്‍ അമ്മയുടെ 1.2 കോടിയുടെ ആഭരണങ്ങള്‍ 700 രൂപക്ക് വിറ്റ് കൗമാരക്കാരി

Update: 2025-02-07 01:01 GMT

ബീയ്ജിങ്: ചുണ്ടില്‍ സ്റ്റഡ് ഇടാന്‍ അമ്മയുടെ 1.2 കോടി രൂപയുടെ ആഭരണങ്ങള്‍ വെറും 700 രൂപയ്ക്ക് വിറ്റ് കൗമാരക്കാരി. വിവരമറിഞ്ഞ മാതാവ് ഉടന്‍ പോലിസില്‍ പരാതി നല്‍കിയതിനാല്‍ ആഭരണങ്ങള്‍ തിരികെ ലഭിച്ചതായി സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. ബീയ്ജിങ്ങില്‍ താമസിക്കുന്ന വാങ് എന്ന സ്ത്രീയുടെ കൗമാരക്കാരിയായ മകളാണ് വീട്ടില്‍ നിന്നും ആഭരണങ്ങള്‍ എടുത്ത് വിറ്റത്.

പക്ഷേ, ആഭരണങ്ങള്‍ കാണാതെ വന്നതോടെ വാങ് പോലിസില്‍ പരാതി നല്‍കി. രത്‌നങ്ങള്‍ പതിച്ച മാലകളും വളകളും കാണാനില്ലെന്നായിരുന്നു പരാതി. ഇതോടെ പോലിസ് വീട്ടിലെത്തി വാങ്ങിന്റെ മകള്‍ ലീ അടക്കമുള്ളവരെ ചോദ്യം ചെയ്തു. കൃത്രിമക്കല്ല് കൊണ്ടുള്ള ആഭരണങ്ങളാണ് കരുതി താനാണ് അവ വിറ്റതെന്ന് ലീ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതോടെ പോലിസ് ആഭരണങ്ങള്‍ വാങ്ങിയ കടയിലേക്ക് കുതിച്ചു. യഥാര്‍ത്ഥ രത്‌നങ്ങളാണ് ആഭരണങ്ങളിലുള്ളതെന്ന കാര്യം അറിയില്ലായിരുന്നു എന്ന കടയുടമകള്‍ പോലിസിനോട് പറഞ്ഞു.

കൃത്രിമക്കല്ലുകള്‍ കൊണ്ടുള്ള ആഭരണങ്ങള്‍ വില്‍ക്കുന്ന കടയാണ് ഇത്. ലീ വിറ്റ ചില ആഭരണങ്ങളിലെ രത്‌നങ്ങള്‍ ഊരിയെടുത്ത് വില കുറഞ്ഞ ആഭരണങ്ങളില്‍ പിടിപ്പിച്ചതായും പോലിസ് കണ്ടെത്തി. തുടര്‍ന്ന് ഇവയെല്ലാം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വാങ്ങിന് കൈമാറി.