ചെങ്കടലിലെ നിരീക്ഷണ വിമാനത്തിന് നേരെ ചൈന ലേസര്‍ ആക്രമണം നടത്തിയെന്ന് ജര്‍മനി
ബെര്‍ലിന്‍: ചെങ്കടലിലെ നിരീക്ഷണ വിമാനത്തിന് നേരെ ചൈന ലേസര്‍ ആക്രമണം നടത്തിയെന്ന് ജര്‍മനി ആരോപിച്ചു. യൂറോപ്യന്‍ യൂണിയന്റെ നാവിക സുരക്ഷാ പദ്ധതിയുടെ ഭാഗമായ നിരീക്ഷണ വിമാനത്തിന് നേരെ യെമന്‍ തീരത്തുള്ള ചൈനീസ് നാവിക കപ്പല്‍ ലേസര്‍ ആക്രമണം നടത്തിയെന്നാണ് ജര്‍മനി ആരോപിക്കുന്നത്. ജൂലൈ രണ്ടിനാണ് ആക്രമണം നടന്നതെന്നും ജര്‍മനി ആരോപിക്കുന്നു. ആക്രമണത്തെ തുടര്‍ന്ന് ജിബൂത്തിയിലെ സൈനിക താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യേണ്ടി വന്നുവെന്നും ജര്‍മനി വിലപിച്ചു. തുടര്‍ന്ന് ജര്‍മനിയിലെ ചൈനീസ് അംബാസഡറെ സര്‍ക്കാര്‍ വിളിച്ചുവരുത്തി വിശദീകരണം തേടി. ആക്രമണം ചൈനീസ് സര്‍ക്കാര്‍ നിഷേധിച്ചു.
ജര്‍മനിയുടെ ആരോപണത്തിന് സത്യവുമായി ഒരു ബന്ധവുമില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ''ആരോപണം ഉന്നയിക്കുന്ന സമയത്ത് ചൈനീസ് ദൗത്യസംഘം ഏദന്‍ ഉള്‍ക്കടലില്‍ ആയിരുന്നു. സോമാലിയയിലേക്ക് പോവാനാണ് ദൗത്യസംഘം നിന്നിരുന്നത്. ചൈനീസ് സംഘം ലേസര്‍ ഉപകരണങ്ങള്‍ ആക്ടീവ് ആക്കുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല.''-ചൈന അറിയിച്ചു.
യെമനിലെ അന്‍സാറുല്ലയില്‍ നിന്നും ഇസ്രായേലി ബന്ധമുള്ള കപ്പലുകളെ സംരക്ഷിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ചെങ്കടലില്‍ നിരീക്ഷണം നടത്തുന്നത്. പ്രദേശത്ത് ചൈനയുടെ യുദ്ധക്കപ്പലുകളുമുണ്ട്. അത്യാധുനിക ലേസര്‍ സംവിധാനങ്ങളുള്ള യുദ്ധക്കപ്പലുകളാണ് ഇവ. ലേസര്‍ ആയുധങ്ങള്‍ക്ക് വിവിധ തരം സെന്‍സറുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ കഴിയും. കൂടാതെ നാവിഗേഷന്‍ സംവിധാനവും തകരാറിലാക്കും. ലേസര്‍ മൂലം വിമാനം കത്തിപ്പോവാനും സാധ്യതയുണ്ട്.
ജിബൂത്തിയില്‍ 2017ല്‍ ചൈന ഒരു സൈനികതാവളം സ്ഥാപിച്ചിരുന്നു. ചൈനയ്ക്ക് പുറത്തുള്ള അവരുടെ ആദ്യ താവളമാണിത്. ഇവിടെ നിന്ന് ബാബ് എല്‍ മന്ദെബ് ഉള്‍ക്കടലിലും ചൈനക്ക് സ്വാധീനം ചെലുത്താനാവും. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ പ്രദേശത്ത് 150 തവണ ചൈനീസ് യുദ്ധക്കപ്പലുകള്‍ വന്നുപോയിട്ടുണ്ട്. ഏകദേശം 35,000 സൈനികരെയും പലതവണയായി വിന്യസിച്ചു.
