ന്യൂഡല്‍ഹി: ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധി സംഘം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനം സന്ദര്‍ശിച്ചു. സണ്‍ ഹൈയ്യാന്റെ നേതൃത്വത്തിലുള്ള ചൈനീസ് പ്രതിനിധി സംഘവും ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് ആസ്ഥാനത്ത് ആശയവിനിമയം നടത്തിയത്. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ക്‌സു ഫെയ്‌ഹോങും പിന്നീട് ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോവുന്നതിനാണ് പ്രതിനിധി സംഘം എത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്ര ലീയസോണ്‍ വകുപ്പിന്റെ വൈസ്പ്രസിഡന്റാണ് സണ്‍ ഹൈയ്യാന്‍. ആറുവര്‍ഷം മുമ്പും ഇരുപാര്‍ട്ടികളുടെയും പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.