അമേരിക്കയുടെ ഉപരോധം മറികടന്ന് ചൈനയുടെ കൂറ്റൻ ചരക്കുകപ്പൽ റിച്ച് സ്റ്റാറി ഹോർമുസ് കടലിടുക്ക് കടന്നു
തെഹ്റാൻ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ കടുത്ത ഉപരോധം മറികടന്ന് ചൈനയുടെ കൂറ്റൻ ചരക്കുകപ്പലായ ‘റിച്ച് സ്റ്റാറി’ ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നു. ഇറാന്റെ എണ്ണ കയറ്റുമതി തടയാൻ ലക്ഷ്യമിട്ട് ഹോർമുസിൽ അമേരിക്കൻ നാവികസേന നിലയുറപ്പിക്കുകയും ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളെ തടയുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് പിന്നാലെയാണ് ചൈനയുടെ ഈ നീക്കം. ഇറാനെ സഹായിച്ചുവെന്നാരോപിച്ച് 2023-ൽ അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തിയ ഈ ടാങ്കർ, ഉപരോധം നിലവിൽ വന്ന ശേഷം ഗൾഫ് മേഖലയിൽ നിന്ന് പുറത്തുകടക്കുന്ന ആദ്യ ടാങ്കറാണ്.
ഒരു ദിവസത്തിനുള്ളിൽ നടത്തിയ രണ്ടാമത്തെ ശ്രമത്തിലാണ് ‘റിച്ച് സ്റ്റാറി’ തന്ത്രപ്രധാനമായ ഈ ജലപാത കടന്നത്. ആദ്യം ഇറാനിലെ ഖേഷ്വം ദ്വീപിനടുത്തുവരെ എത്തിയെങ്കിലും പിന്നീട് തിരിച്ചുപോയ കപ്പൽ, മണിക്കൂറുകൾക്ക് ശേഷം യാത്ര പുനരാരംഭിച്ചാണ് അമേരിക്കൻ വെല്ലുവിളിയെ മറികടന്നത്. ഇറാന് ടോൾ നൽകി ഗതാഗതം നടത്തുന്ന കപ്പലുകളെപ്പോലും ആക്രമിക്കുമെന്ന് അമേരിക്കൻ ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കയുടെ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈനീസ് ടാങ്കറിന്റെ ഈ യാത്ര മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ കൂടുതൽ സംഘർഷങ്ങൾക്ക് വഴിയൊരുക്കിയേക്കും.
