പതിനാലുകാരിയുടെ വിവാഹനിശ്ചയം; 22കാരനായ പ്രതിശുതവരന്‍ അടക്കം പത്തുപേര്‍ക്കെതിരേ കേസ്

Update: 2025-10-12 07:59 GMT

കാടാമ്പുഴ: പതിനാലുകാരിയുടെ വിവാഹനിശ്ചയത്തില്‍ കേസെടുത്ത് പോലിസ്. പ്രതിശുത വരന്‍, പിതാവ്, പെണ്‍കുട്ടിയുടെ മാതാവ്, വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത ഏഴു പേര്‍ എന്നിവരാണ് പ്രതികള്‍. മലപ്പുറം കാടാമ്പുഴ മാറാക്കര പഞ്ചായത്തില്‍ മരവട്ടത്ത് ശനിയാഴ്ചയാണ് കേസിനാസ്പദമായ ചടങ്ങ് നടന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് 22കാരനായ പ്രതിശ്രുതവരനും കുടുംബവും ബന്ധുകൂടിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് മധുരം കൈമാറി. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം വീട്ടിലെത്തി വിവാഹം നടത്തരുതെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍, നിര്‍ദേശം ലംഘിച്ച് മുന്നോട്ടുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് കാടാമ്പുഴ പോലിസ് നടപടി സ്വീകരിച്ചത്. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കിയ ശേഷം മലപ്പുറം സ്‌നേഹിതയിലേക്ക് മാറ്റി. ഈ വര്‍ഷം കേരളത്തില്‍ റിപോര്‍ട്ട് ചെയ്ത 18 ബാലവിവാഹ കേസുകളില്‍ 10ഉം തൃശൂരാണ്.